തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യപിച്ചു കാറോടിച്ചു കൊന്ന ഐഎഎസുകാരന്‍ ശ്രീറാം വെങ്കട്ടരാമനെതിരേ കൂടുതല്‍ ആരോപണങ്ങള്‍. പ്രതി ശ്രീറാം മയക്കുമരുന്ന് പോലുള്ള ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ടെന്നും ഡോപുമിന്‍ ടെസ്റ്റിന് ശ്രീറാമിനെ വിധേയനാക്കണമെന്നു വാദിഭാഗത്തിനു വേണ്ടി കോടതിയില്‍ സിറാജ് മാനെജ്‌മെന്റ് വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ് ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയത്. കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ ഉന്നത പോലീസ/ ഉദ്യോഗസ്ഥതല ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും വാദിഭാഗം ആവശ്യമുന്നയിച്ചു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാഫലം ഹാജരാക്കണമെന്ന് കോടതി പോലീസിനോട് ഉത്തരവിട്ടു. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്ന് കോടതി ആരാഞ്ഞു. ഉച്ചകഴിഞ്ഞ് കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യം. അതിനിടെ ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായി സൂചനയുണ്ട്. പരുക്കിന്റെ േപരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിയതോടെ ഇത് അട്ടിമറി ശ്രമമെന്നു വ്യക്തമായി. ശ്രീറാമിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും.
















