തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യപിച്ച് കാറോടിച്ച് ഇടിച്ചു കൊന്ന കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണു സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയും വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുമുണ്ട്. അതേസമയം, ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പൊലീസിന്റെ അനലിറ്റിക്കല്‍ ലാബിലാണ് രക്ത സാംപിള്‍ പരിശോധിച്ചത്. പരിശോധനാഫലം പൊലീസിന് കൈമാറി.അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിച്ചത്.
സമയം വൈകി രക്തം ശേഖിച്ചതും മദ്യത്തിന്റെ അളവ് കുറക്കാന്‍ മരുന്നുകള്‍ ഉപയോഗിച്ചതുമാകാം ഇത്തരം റിപ്പോര്‍ട്ടിനു പിന്നിലെന്നാണു റിപ്പോര്‍ട്ട്. ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് ദുര്‍ബലമാക്കാനുള്ള നീക്കം ശക്തമാവുകയാണ്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാതെയായിരുന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളേക്കുറിച്ചും ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനകളേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. രക്തം പരിശോധനക്ക് അയച്ച കാര്യവും സൂചിപ്പിക്കുന്നില്ല. മദ്യപിച്ചും സാഹസികമായും വാഹനം ഓടിച്ചാല്‍ അപകടമുണ്ടാകുമെന്ന് അറിയാവുന്ന പ്രതിയെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തിയിട്ടുമുണ്ട്. പെണ്‍സുഹൃത്ത് വഫ ഫിറോസില്‍ നിന്നു നിര്‍ബന്ധപൂര്‍വമാണ് ശ്രീറാം വാഹനം വാങ്ങിയതെന്നും അമിതവേഗത്തിലാണ് ഓടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















