തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി.
ശ്രീറാമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിനെ ഇന്നാണ് അവിടെനിന്ന് പോലീസ് മാറ്റിയത്. ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ മുഖം മറച്ച് സ്ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റിയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റിയത്.
മെഡിക്കല്‍ കോളേജിലേക്കാണ് പോലീസ് കൊണ്ടുപോകുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അതിനിടെ ആംബുലന്‍സില്‍ ശ്രീറാമിനെ ആദ്യം വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ചു. ആംബുലന്‍സിലെത്തി ശ്രീറാമിനെ കണ്ട ശേഷമാണ് ജയിലിലേക്ക് അയക്കാമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്.
ഉത്തരവിന്‍ പ്രകാരം ജില്ലാ ജയിലെത്തിച്ച ശ്രീറാമിനെ അവിടെ ജയില്‍ ഡോക്ടര്‍ പരിശോധിക്കുകയും ശ്രീറാമിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് കണ്ടെത്തുകയുമായിരുന്നു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ജയിലില്‍ വച്ച് ഡോക്ടര്‍, ശ്രീറാമിനെ പരിശോധിച്ചത്. ഇതിനു ശേഷമാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
















