തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്.
നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കുറയ്‌ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നല്‍കിയിരുന്നോ എന്ന സംശയവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറല്‍ ആശുപത്രിയിലെ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥനും മദ്യത്തിന്റെ മണമുള്ളതായി പറഞ്ഞിരുന്നു.
















