തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അതിനാല്‍ സ്വകാര്യ ആശുപത്രി വാസം ആവശ്യമില്ലെന്നും മജിസ്‌ട്രേറ്റ്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ സബ്ജയിലിലേക്ക് മാറ്റി. വൈകിട്ട് നാലോടെ പോലീസ് സംഘം കിംസ് ആശുപത്രിയിലെത്തിയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് റിമാന്‍ഡില്‍ ‘സുഖവാസം’ എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കിംസില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശ്രീറാമിനെ, മുഖാവരണം ധരിച്ച് സ്‌ട്രെച്ചറില്‍ കിടത്തിയാണു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍, യാത്രാമധ്യേ ശ്രീറാമിനെ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ആശുപത്രി വാസം വേണ്ട എന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ആംബുലന്‍സില്‍ കയറിയാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ കണ്ടത്. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വന്നതിനു പിന്നാലെ ശ്രീറാമിനെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ, ശീതീകരിച്ച മുറിയില്‍ ടിവികാണാനും ഫോണ്‍ ഉപയോഗിക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് പോലീസും സ്വകാര്യ ആശുപത്രി അധികൃതരുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീറാമിനെ പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്നും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. അല്ലാത്തപക്ഷം സമരത്തിലേക്ക് പോകുമെന്നും മരണമടഞ്ഞ ബഷീര്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനവും മറ്റ് മാധ്യമ പ്രവര്‍ത്തകരും നിലപാടെടുത്തതോടെയാണ് ആശുപത്രി മാറ്റം സാധ്യമായത്.
















