വാഷിങ്ടണ്‍ : യുഎസിലെ ടെക്‌സാസ്, എല്‍ പാസോയില്‍ വാള്‍മാര്‍ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് അപകടത്തില്‍ പെട്ടതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.
ഡാലസിനു സമീപമുള്ള അലെന്‍ സ്വദേശിയാണ് അക്രമി. സംഭവത്തിനു പിന്നാലെ ഇയാള്‍ പോലീസില്‍ കീഴടങ്ങി. സ്പാനിഷ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എല്‍പാസോ. വളരെ മോശം റിപ്പോര്‍ട്ടുകളാണുള്ളതെന്നും നിരവധി പേര്‍ മരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
സംഭവം നടക്കുമ്പോള്‍ സ്ഥാപനത്തിനകത്ത് 1,000 മുതല്‍ 3,000 വരെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. സ്ഥാപനത്തിന്റെ വാഹന പാര്‍ക്കിങ് സ്ഥലത്തു വെടിയേറ്റവര്‍ വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്‌പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവര്‍ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സംഭവത്തില്‍ 40 പേര്‍ക്കു പരിക്കേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ മരണ സംഖ്യ എത്രയെന്നു പറയാന്‍ സാധിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥനായ റോബര്‍ട്ട് ഗോമസ് അറിയിച്ചു.
യുഎസില്‍ ഒരാഴ്ചയ്‌ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വെടിവെയ്‌പാണിത്. കഴിഞ്ഞ ഞായറാഴ്ച വടക്കന്‍ കലിഫോര്‍ണിയയില്‍ 19 കാരന്‍ നടത്തിയ വെടിവയ്‌പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് മരിച്ചവരില്‍ 2 കുട്ടികളും ഉണ്ടായിരുന്നു.
















