തിരുവല്ല: കോടതി വിധിയിലുടെ എന്‍എസ്എസിന് ലഭിച്ച വള്ളംകുളം നന്നൂരിലെ കെട്ടിടം പിടിച്ചെടുക്കാന്‍ സിപിഎം ശ്രമം. സിപിഎമ്മിന്റെ രഹസ്യ പിന്തുണയുള്ള ഹിന്ദു മഹാസഭയെന്ന സംഘടനയുടെ മറവിലാണ് കെട്ടിടം തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നത്. കെട്ടിടത്തിന്റെ വരാന്തയില്‍ സിഐടിയു കൊടിയും തൊഴിലാളികളുടെ യൂണിഫോമും തൂക്കിയിട്ടുണ്ട്.
വെടക്കാക്കി തനിക്കാക്കാനുള്ള സിപിഎം തന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് സംജാതമായിട്ടുള്ളത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദുമഹാസഭയുടെ കെട്ടിടമായിരുന്നു ഇത്. പിന്നീട് സംഘടനയ്‌ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ എന്‍എസ്എസിന് വിറ്റു. എന്നാല്‍ വിലയ്‌ക്ക് നല്‍കിയ കെട്ടിടത്തിന് അവകാശവാദവുമായി സംഘടനയിലെ ചില സിപിഎം അനുകുലികള്‍ രംഗത്ത് വന്നു. ഇതേ തുടര്‍ന്ന് തര്‍ക്കം കോടതികയറി. തിരുവല്ല മുന്‍സീഫ് കോടതിയിലും പത്തനംതിട്ട ജില്ലാക്കോടതിയിലും കേസെത്തി. കേസ് നിരീക്ഷിച്ച കോടതി എന്‍എസ്എസിന് അനുകുലമായ വിധിയും പുറപ്പെടുവിച്ചു.
പിന്നീട് ഈ കെട്ടിടം കരയോഗ ഭാരവാഹികള്‍ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രിയ്‌ക്ക് വാടകയ്‌ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം ആയുര്‍വേദ ആശുപത്രിക്ക് പഞ്ചായത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്തെ സിഐടിയു നേതാക്കള്‍ തങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ കെട്ടിടം നല്‍കണമെന്നാവശ്യപ്പെട്ട് കരയോഗ ഭാരവാഹികളെ സമീപിച്ചു.
എന്നാല്‍ സിഐടിയുവിന് കെട്ടിടം നല്‍കാന്‍ കരയോഗം തയ്യാറായില്ല.ഇതിന്റെ ദേഷ്യത്തിലാണ് സിപിഎം സംസ്ഥാന സമിതിയംഗത്തിന്റെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കുന്നത്. കരയോഗ ഭാരവാഹികളില്‍ ചിലര്‍ കടുത്ത സിപിഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ശബരിമല വിഷയം വന്നതോടെ സിപിഎമ്മും സര്‍ക്കാരും എടുത്ത നിലപാടില്‍ കടുത്ത എതിര്‍പ്പിലായിരുന്നു. എന്‍എസ്എസ് പുതിയ കരയോഗം ഭാരവാഹി തെരഞ്ഞെടുപ്പില്‍ സിപിഎം അനുകൂലികള്‍ പരാജയപ്പെടുകയും കരയോഗ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
ഇവരാണ് ഇപ്പോള്‍ സിഐടിയുവിന് ഓഫീസാക്കാന്‍ വേണ്ടി കെട്ടിടം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. കോടതി വിധിയിലൂടെ എന്‍എസ്എസ് നേടിയ കെട്ടിടം സിപിഎം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
















