തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍. നൗഷാദിനൊപ്പം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീബീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അക്രമിസംഘത്തില്‍ ഷാജി എന്നു പേരുള്ള എസ്ഡിപിഐ പ്രവര്‍ത്തകനും ഉള്‍പ്പെട്ടിരുന്നു. സമീപവാസികള്‍ തന്നെയാണ് ആക്രമിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. നൗഷാദിയായിരുന്നു അവര്‍ ഉന്നംവെച്ചത്. നൗഷാദിനെയാണ് അക്രമികള്‍ ആദ്യം വെട്ടിയത്. ഇവരെ കണ്ടാല്‍ തിരിച്ചറിയാന്‍ ആകുമെന്നും വിബീഷ് വെളിപ്പെടുത്തി.
നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ മാസം 29-ന് തൃശ്ശൂരിലെ പുന്ന സെന്ററില്‍വച്ച് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നൗഷാദ് ചികിത്സയില്‍ ഇരിക്കേയാണ് മരിക്കുന്നത്. പരിക്കേറ്റ വിബീഷ് ഉള്‍പ്പടെയുള്ള മൂന്ന് പേരും അപകടനില തരണം ചെയ്തു.
കേസില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കൊലയ്‌ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മുപ്പത്തിലേറെ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീന്‍, അഷ്‌റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.
















