കെ. അനിരുദ്ധന് സഖാവ് പ്രതാപശാലിയായിരുന്നു. കൗശലവും തന്ത്രങ്ങളും നന്നായി പയറ്റിയ കമ്മ്യൂണിസ്റ്റ്. എംഎല്‍എ, എംപി എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ മകനാണ് എ. സമ്പത്ത്. ആറ്റിങ്ങലില്‍നിന്നും ഇത്തവണ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തോറ്റുപോയെങ്കിലും ലോക്സഭയില്‍ ഇക്കഴിഞ്ഞ മെയ് വരെ സമ്പത്തുണ്ടായിരുന്നു. ഒരു വ്യാഴവട്ടത്തിലധികം എംപിയായിരുന്നെങ്കിലും തിരുവനന്തപുരം ജില്ലയിലെ പിന്നാക്കം നില്ക്കുന്ന ആറ്റിങ്ങലിന്റെ അലകും പിടിയുമൊന്നും മാറ്റാന്‍ സമ്പത്തിന്റെ ലോക്സഭാസേവനവും ദല്‍ഹിവാസവും മികവ് തെളിയിച്ചിട്ടില്ല. ഒരു തീപ്പെട്ടി കമ്പനിപോലും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കൊണ്ടുവന്നതായി കേട്ടിട്ടില്ല.
സിപിഎം പിന്തുണച്ച യുപിഎയുടെ ഭരണത്തിലും സമ്പത്ത് അത്ഭുതം സൃഷ്ടിച്ചതായി നാട്ടുകാര്‍ക്കറിയില്ല. പക്ഷേ മികച്ച പിതാവിന്റെ പുത്രനെന്ന ഖ്യാതി സമ്പത്തിനുമുണ്ട്. പക്ഷേ അച്ഛന് ആനക്കാരനായാല്‍ മകന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ? പല ആനക്കാരുടെ മക്കളുടെയും ഉത്തരം ഇല്ലെന്ന് തന്നെയാകും. പക്ഷേ പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവും ഒരു മകന് തഴമ്പ് കണ്ടിരിക്കുന്നു. അങ്ങനെയാവാം കേരള സര്‍ക്കാരിനായി കേന്ദ്രസര്‍ക്കാറില്‍ സ്വാധീനം ചെലുത്താന്‍ എ. സമ്പത്തിനെ ഒഴിവ് കണ്ടത്.
കുറ്റം പറയരുതല്ലോ, സമ്പത്ത് വാചാലനാകുമ്പോള്‍ ആരും നോക്കിനിന്നുപോകും. ചാനല്‍ ചര്‍ച്ചയിലാണെങ്കിലും ആരെയും കടത്തിവെട്ടുന്ന വാചാലത. എതിരഭിപ്രായക്കാര്‍ക്ക് വായതുറക്കാന്‍പോലും അവസരം നല്‍കില്ല. ഈ മിടുക്ക് മതിയോ പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും സ്വാധീനിക്കാന്‍? സംസ്ഥാനസര്‍ക്കാര്‍ കണ്ടെത്തിയത് മതി എന്നാണ്. കാബിനറ്റ് പദവിയോടെ സമ്പത്തിനെ ദല്‍ഹി പ്രതിനിധിയായി നിശ്ചയിക്കുന്നത് മുന്നണി ചര്‍ച്ചചെയ്തില്ലെന്നാണ് ഘടകകക്ഷി നേതാവായ സി.കെ. നാണു പ്രസ്താവിച്ചത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന് സിപിഎം ചിന്തിക്കുന്നത് നാണുവേട്ടന് മനസ്സിലാകാത്തതാണോ? ഏതായാലും കെ. അനിരുദ്ധന് സഖാവ് മകന് സമ്പത്ത് എന്ന് പേരിട്ടത് ദീര്‍ഘവീക്ഷണത്തോടെ എന്നുവേണം കരുതാന്‍. ”സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാല്‍ ആപത്ത് കാലത്ത് കായ് പത്തുതിന്നാം” എന്നുണ്ടല്ലോ. തോറ്റ് ജയിച്ച നേതാവ്. അതാണ് സമ്പത്ത്. മത്സരിച്ച് തോറ്റ 15 നേതാക്കള്‍ക്കും കിട്ടാത്ത സൗഭാഗ്യം.
ധൂര്‍ത്താണെന്നും അനാവശ്യമാണെന്നും കടുത്ത വിമര്‍ശനമുയര്‍ന്നിട്ടും സമ്പത്തിന് ദല്‍ഹിയില്‍ പുതിയ ലാവണം നല്‍കിയതില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി പുകയുകയാണ്. ലക്ഷങ്ങള്‍ ചെലവിട്ടുള്ള നിയമനത്തിന് മന്ത്രിസഭാ യോഗമാണ് അനുമതിനല്‍കിയത്. പ്രളയത്തിന്റെ പേരില്‍ 928 വസ്തുക്കള്‍ക്ക് സെസ് ചുമത്തി ജനത്തെ ദ്രോഹിക്കുന്ന നടപടി നിലവില്‍വന്ന അന്നുതന്നെയാണ് ധൂര്‍ത്തിനും തീരുമാനമായത്.
സമ്പത്തിന്റെ ഓഫീസ് സ്റ്റാഫായി 20 പേരെ നിയമിക്കാന്‍ കഴിയുമെന്നാണ് സൂചന. ഇപ്പോള്‍ ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങള്‍ക്ക് ശമ്പളം നല്കാന് നാലുലക്ഷത്തോളം രൂപ സര്‍ക്കാരിന് പ്രതിമാസം അധികമായി കണ്ടെത്തേണ്ടിവരും. മറ്റ് അലവന്‍സ് ഉള്‍പ്പെടെ ഒരുലക്ഷത്തോളം രൂപ സമ്പത്തിന് മാത്രം നല്‍കണം.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമെ ആദ്യമായാണ് രാഷ്ട്രീയനിയമനം നടത്തുന്നത്. ദല്‍ഹി കേരളഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് സമ്പത്തിനേയും ഓഫീസ് നിര്‍വഹണത്തിനായി അഞ്ചുപേരെയും നിയമിച്ചിരിക്കുന്നത്.
നിലവില്‍ ദല്‍ഹിയിലെ റസിഡന്റ് കമ്മീഷണറാണ് കേന്ദ്രത്തിലെ കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നോക്കുന്നത്. ലെയ്സണ്‍ ഓഫീസര്‍ റസിഡന്റ് കമ്മീഷണര്‍ക്കും മുകളിലായിരിക്കണമെന്നും പൂര്‍ണമായും രാഷ്ട്രീയ നിയമനം നടത്തണമെന്നും സിപിഎം തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ നിയമനം നല്കാന് തീരുമാനിച്ചത്.
കേരളവും കേന്ദ്രവുമായുള്ള പദ്ധതിനടത്തിപ്പിന് കേന്ദ്രപ്രതിനിധിയെ തിരുവനന്തപുരത്ത് നിയമിക്കാനും തീരുമാനമുണ്ടായിരുന്നു. ഓഫീസ് മാത്രം തന്നാല്‍മതി. ബാക്കി സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കാമെന്നും വാഗ്ദാനമുണ്ടായതാണ്. കേട്ടപാതി ധനമന്ത്രി ഡോ. ഐസക് കയ്യോടെ ആ വാഗ്ദാനം തള്ളി. കേന്ദ്രത്തിന്റെ ഉദ്യോഗസ്ഥനെ സെക്രട്ടേറിയറ്റില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനവും നടത്തി. വേണ്ടെങ്കില്‍ വേണ്ട എന്ന നിലപാട് മോദിസര്‍ക്കാരും സ്വീകരിച്ചു. കേന്ദ്ര പ്രതിനിധി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പരിവാരസമേതം ദല്‍ഹിക്ക് യാത്ര ചെയ്യേണ്ടിവരുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാമായിരുന്നു.
സമ്പത്തിന്റെ നിയമനത്തോടെ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം 25 ആയി. മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാര്‍. ഭരണപരിഷ്കാര കമ്മിഷന്, മുന്നോക്ക വികസന ചെയര്മാന്, സ്പീക്കര്‍, ചീഫ്വിപ്പ്. മന്ത്രിമാരുടെ എണ്ണം കുറച്ച് ചെലവുചുരുക്കും, പെന്ഷന്പറ്റിയവരെ പുനര്‍നിയമിക്കില്ല എന്നൊക്കെ വലിയവായില്‍ വര്‍ത്തമാനം പറഞ്ഞ മുന്നണിയാണിത്. ഖജനാവില്‍ പത്തിന്റെ പൈസയില്ല. സാമൂഹ്യസേവന പെന്ഷന് മുടങ്ങിക്കിടക്കുന്നു. നെല്ലുസംഭരണം മുടങ്ങി. സംഭരിച്ച നെല്ലിന് പണംനല്കിയിട്ടില്ല. ബില്ലുകള്‍ പാസാകുന്നില്ല. ചെറുപ്പക്കാര്‍ക്ക് തൊഴിലുണ്ടാക്കാന്‍ കാശില്ല. കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക് 10 ശതമാനമായി തുടരുന്നു. കടുത്ത കടക്കെണിയില്‍ നില്ക്കുന്ന കേരളമാണ് വന്‍സാമ്പത്തിക ബാധ്യതവരുത്തി പുതിയ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ദീര്‍ഘകാലം ദല്‍ഹിയില്‍ സര്‍വസന്നാഹങ്ങളോടെ എംപിയായി വാണിട്ടും ഒന്നും സംഭവിച്ചില്ല, പിന്നെയാണോ മുന്‍ എംപി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്? മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ പ്രസവിക്കും എന്ന് വിശ്വസിക്കുന്നവരെ നമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: