ഉത്ക്രാന്തിഗത്യധികരണം
പതിമൂന്നാമത്തേതായ ഈ അധികരണത്തില്‍ 14 സൂത്രങ്ങളുണ്ട്. ജീവന്റെ ശരീരം വിട്ടുള്ള പോക്കും പരലോക പോക്കും തിരിച്ചു വരവുമൊക്കെ ഇവിടെ ചര്‍ച്ച ചെയ്യുന്നു.
സൂത്രം ഉത്ക്രാന്തിഗത്യാഗതീനാം
ഈ ദേഹത്തില്‍ നിന്നുള്ള ഉത്ക്രമണം (പോക്ക്) പരലോക പ്രാപ്തി, ഈ ലോകത്തിലേക്കുള്ള മടങ്ങിവരവ് എന്നിവയുടെ വിവരണം കൊണ്ട് ജീവന് പരിച്ഛിന്നനാണെന്ന് തോന്നുന്നു.
ഒരേ ജീവന്റെ തന്നെ ഈ യാത്ര ശ്രുതിയില്‍ വര്‍ണിച്ചിരിക്കുന്നതിനാല്‍ ജീവാത്മാവ് നിത്യചൈതന്യ സ്വരൂപനാണെന്ന് മനസ്സിലാക്കാം. ശരീരം നശിക്കുമ്പോള്‍ ജീവന് നശിക്കുകയോ ശരീരം ഉണ്ടാകുമ്പോള്‍ ജീവന് പുതുതായി ഉണ്ടാവുകയോ ചെയ്യുന്നില്ല എന്ന് അറിയാം. ജീവന് ദേഹത്തില്‍ നിന്ന് വിട്ടു പോകുന്നതും പരലോകത്തെത്തുന്നതും ഈ ലോകത്തിലേക്ക് തന്നെ മടങ്ങിവരവും ഉണ്ടെന്ന് ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ജീവനും പരിച്ഛേദമുണ്ടെന്ന് വരുന്നു. കൗഷീതകോപനിഷത്തില് ‘സ യദാ അസ്മാച്ഛരീരാദുത് ക്രാമതി ‘ ജീവന് എപ്പോള്‍ ഈ ശരീരത്തില്‍ നിന്ന് വിട്ടു പോകുന്നത് എന്ന് ഉത്ക്രാന്തിയെ പറയുന്നു.
ഇതില്‍ തന്നെ മറ്റൊരിടത്ത് ‘യേ വൈ കേ ചാസ്മാത് ലോകാത് പ്രയന്തി ചാന്ദ്രമസമേവ തേ സര്‍വേ ഗച്ഛന്തി ‘ ഈ ലോകത്തില്‍ നിന്ന് പോകുന്നവര്‍ ചന്ദ്രലോകത്തെ പ്രാപിക്കുന്നുവെന്ന് പരലോക പ്രാപ്തിയെ പറയുന്നു.
ബൃഹദാരണ്യകോപനിഷത്തില്‍ ‘തസ്മാത് ലോകാത് പുനരൈത്യസ്മൈ ലോകായ കര്മ്മണേ’ ആ ലോകത്തില്‍ നിന്ന് വീണ്ടും ഈ ലോകത്തിലേക്ക് കര്‍മം ചെയ്യാന്‍ വരുന്നു എന്നുള്ള ആഗതി (തിരിച്ചുവരവിനേയും) പറയുന്നു.
ഇത്തരത്തില്‍ ഉത്ക്രമണം, ഗതി, ആഗതി എന്നിവയെ പറഞ്ഞതിനാല്‍ ജീവന് പരിച്ഛിന്നനാണ് എന്ന് വരുന്നു. അങ്ങനെയെങ്കില്‍ ജീവന്റെ പരിമാണം എന്താകുമെന്നാണ് ചോദ്യം. അണുപരിമാണമോ മധ്യമപരിമാണമോ മഹാപരിമാണമോ എന്നാണ് ഇവിടത്തെ ചര്‍ച്ചാ വിഷയം.
സൂത്രം സ്വാത്മനാ ചോത്തരയോ:
പിന്നീട് പറഞ്ഞ രണ്ടെണ്ണമായ ഗതിയിലും ആഗതിയിലും സ്വന്തം സ്വരൂപം കൊണ്ട് തന്നെയാണ് സഞ്ചരിക്കുന്നത്.
ജീവന് ശരീരത്തെ വെടിയുന്നത് ഒരു ഗ്രാമത്തിന്റെ അധിപന് തന്റെ ജോലിയൊഴിഞ്ഞു പോകുന്നത് പോലെയാണ് ജീവന് കര്മക്ഷയത്തില് ദേഹം വിട്ടു പോകുന്നത്.
പിന്നെ ജീവഭാവത്തില്‍ തന്നെ കര്മഫലാനുഭവത്തിന് വേണ്ടി പരലോകത്തേക്ക് പോകുകയും വീണ്ടും കര്‍മം ചെയ്യാനായി ഈ ലോകത്തിലേക്ക് വരുകയും ചെയ്യും. അങ്ങനെ ചലിക്കുന്ന ജീവന് അണു പരിമാണമായിരിക്കുമെന്ന് കരുതുന്നു. ബൃഹദാരണ്യകത്തില്‍ ജീവന്റെ പോക്കുവരവിനെ ചില ഭാഗങ്ങള്‍ കാണാം. കണ്ണില്‍ നിന്നോ മറ്റ് ശരീരാവയവങ്ങളില്‍ നിന്നോ ജീവന് പുറത്ത് പോകുന്നു. ജീവന് പോകുമ്പോള്‍ തേജോമയങ്ങളായ ഇന്ദ്രിയങ്ങളോടുകൂടി തന്നെ പോകുന്നു. ജീവന് മടങ്ങുമ്പോള്‍ ആ ഇന്ദ്രിയങ്ങളോട് കൂടിത്തന്നെ ജനഹൃദയങ്ങളില്‍ പ്രവേശിക്കുന്നു. ഇതെല്ലാം ഉത്ക്രമണത്തേയും ഗതിയേയും ആഗതിയേയും കുറിക്കുന്നതാണ്. ജീവന് മധ്യമപരിമാണനാണെങ്കില് ഇത് സാധിക്കില്ല. ജീവിച്ചിരിക്കുന്ന സമയത്ത് സുഷുപ്തി അവസ്ഥയിലും ജീവന് ഇന്ദ്രിയങ്ങളോടു കൂടി സ്വാത്മഭാവത്തെ പ്രാപിക്കുന്നു. ശരീരം വിട്ട് പരലോകത്ത് പോകുന്നതും തിരിച്ച് ശരീരത്തില്‍ വരുന്നതും ഒരേ ജീവാത്മാവ് തന്നെ പല തവണ ചെയ്യുന്നതിനാല്‍ നിത്യചൈതന്യ സ്വരൂപനാണിതെന്നറിയണം. ഉണ്ടാകലും നശിക്കലും ശരീരത്തിന് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: