പാലക്കാട്: കല്ലേക്കാട് സായുധ സേനാ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അഗളി സ്വദേശിയായ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായി. സിപിഒമാരായ എം. റഫീക്ക്, ഹരിഗോവിന്ദന്, മഹേഷ്, മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, ജയേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇതു സംബന്ധിച്ച കാര്യം ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
കുമാറിന് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചതില്‍ വീഴ്ച സംഭവിച്ചു. അനുവാദമില്ലാതെ സാധനങ്ങള്‍ മാറ്റി. എന്നാല്‍ കുമാറിന് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്നും അദ്ദേഹത്തെ നഗ്‌നനാക്കി മര്‍ദ്ദിച്ചുവെന്നുമുള്ള പരാതികള്‍ക്ക് പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. വിശദമായ അന്വേഷണത്തില്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത ലഭ്യമാകൂ എന്നും ശിവവിക്രം മാധ്യമങ്ങളോടു പറഞ്ഞു. കുമാര്‍ തന്നെ വന്നുകണ്ടിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളും ജോലി സംബന്ധമായ പ്രശ്‌നങ്ങളും സംസാരിച്ചിരുന്നു. ഈ ഘട്ടത്തില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുമാര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യയും സഹോദരനും രംഗത്തെത്തിയിരുന്നു. ജോലി സ്ഥലത്തു പീഡനവും വിവേചനവുമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. കുമാര്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും ജോലിസ്ഥലത്തെ പീഡനവും സമ്മര്‍ദവുമല്ലാതെ മറ്റു പ്രശ്‌നങ്ങളില്ലെന്നും കുടുംബം പറയുന്നു. ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ അപായപ്പെടുത്തിയതാണോ എന്നു സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു.
















