കൊല്ലം : ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെഎംഎംഎല്‍) ക്ലോറിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 10 പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കമ്പനി പടിക്കല്‍ ഉപരോധ സമരം നടത്തിയിരുന്ന 10 പേര്‍ക്കാണ് അസ്വസ്ഥ അനുഭവപ്പെട്ടത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെഎംഎംഎല്ലില്‍ നിന്നുള്ള മലിനീകരണത്തിനെതിരെ പന്മന, ചിറ്റൂര്‍, കളരി വാര്‍ഡുകളിലെ ജനങ്ങള്‍ അവിടുത്തെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കെഎംഎംഎല്ലിനു മുന്നില്‍ സമരം നടത്തുയായിരുന്നു. വ്യാഴാഴ്ചയാണ് സമരം തുടങ്ങിയത്.
അതേസമയം സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കു കമ്പനിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സമരം തുടങ്ങുന്നതിനു മുന്‍പ് കമ്പനിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.
വാകതച്ചോര്‍ച്ചയുണ്ടായ ക്ലോറിന്‍ പ്ലാന്റില്‍ മൂന്ന് ജീവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ ഒരാള്‍ മാത്രമേയുള്ളൂ. ക്ലോറിന്‍ ചോര്‍ച്ച സാരമുള്ളതല്ലെന്നും നിയന്ത്രണ വിധേയമാക്കിയെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും നില ഗുരുതരമല്ല.
















