വാഷിംഗ്ടണ്‍ : ഭൂമിയില്‍ നിന്നും മുപ്പത്തിയൊന്ന് പ്രകാശവര്‍ഷം അകലെ വാസയോഗ്യമായ ഗ്രഹത്തിന്റെ സൂചനകളുമായി നാസ. 2019 ന്റെ തുടക്കത്തിലാണ് നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (ടെസ്) ‘ സൂപ്പര്‍ എര്‍ത്ത് ‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം കണ്ടെത്തിയത്. അതിവിദൂര ഗ്രഹങ്ങളെ കണ്ടുപിടിക്കാന്നുള്ള ദൗത്യമാണിത് എന്ന് ദി ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സ് പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.
ഭൂമിയേക്കാള്‍ ആറിരട്ടി വലുപ്പമുള്ള ജിജെ 357 ഡി എന്ന ഈ ഗ്രഹം എം വിഭാഗത്തില്‍പ്പെട്ട നക്ഷത്രത്തെയാണ് ചുറ്റുന്നത്. സൂര്യന്റെ മൂന്നിലൊന്ന് വലിപ്പവും ഭാരവുമുള്ള ഈ നക്ഷത്രത്തിനു സൂര്യനേക്കാള്‍ 40 ശതമാനം ചൂടു കുറവാണ്. ഭൂമിയേക്കാള്‍ കട്ടികൂടിയ അന്തരീക്ഷമുള്ള ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ വെള്ളവും ജീവന്റെ സാനിധ്യവും ഉണ്ടാകാനുള്ള സാധ്യത നാസ ചൂണ്ടിക്കാട്ടുന്നു.
കോര്‍ണെല്‍സ് കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ജ്യോതിശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ലിസ കള്‍ട്ടെനെഗ്ഗെര്‍ ആണ് കണ്ടുപിടിത്തത്തിന് നേതൃത്വം നല്‍കിയത്. ടെസിന്റെ സഹായത്തോടെ കണ്ടുപിടിച്ച ഈ ഗ്രഹം നമുക്ക് ആവേശം പകരുന്നു എന്നും, ഇത് മനുഷ്യരാശിയുടെ അടുത്തുള്ള ആദ്യത്തെ സൂപ്പര്‍ എര്‍ത്ത് ആണെന്നും ലിസ അഭിപ്രായപെട്ടു. ഞങ്ങളുടെ ചെറുതും ശക്തവുമായ ഈ ദൗത്യം ഇനിയും മുന്നോട്ട് പോകുമെന്നും ലിസ വ്യക്തമാക്കി.
















