രാവണന് സീതയെ അപഹരിക്കാനുള്ള കാരണം അഗസ്ത്യന് ശ്രീരാമനോടു പറയുന്നു. പണ്ടൊരിക്കല്‍ ദിഗ്വിജയം നടത്തിക്കൊണ്ടിരുന്ന രാവണന് ഏകാന്തതയില്‍ ഇരുന്ന ബ്രഹ്മപുത്രനായ സനല്‍കുമാരനെ കാണാനിടയായി. മഹര്‍ഷിയെ നമസ്കരിച്ചുകൊണ്ട് വിനയത്തോടെ ചോദിച്ചു: ഏതൊരാളെ ആശ്രയിച്ചാണ് ദേവഗണങ്ങള്‍ ശത്രുക്കളെ ജയിക്കുന്നത്? എല്ലാദേവന്മാരിലും വച്ച് ശ്രേഷ്ഠനും ബലവാനുമായ ദേവന് ആരാണ്? ബ്രാഹ്മണര്‍ പൂജിക്കുന്നത് ആരെ? യോഗികള്‍ ധ്യാനിക്കുന്നതാരെ? അങ്ങ് എന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കണം.’സനല്ക്കുമാരന് ജ്ഞാനദൃഷ്ടികൊണ്ട് രാവണന്റെ മനസ്സിലിരിപ്പെന്താണെന്നു മനസിലാക്കി. എന്നിട്ടിങ്ങനെ പറഞ്ഞു: വത്സാ, നീ ചോദിച്ചതിനൊക്കെ ഞാന്‍ ഉത്തരംപറഞ്ഞുതരാം.
ഈ സമ്പൂര്‍ണ്ണ സംസാരത്തെയും പോഷിപ്പിക്കുന്നത് ആരോ, ജനനമോ മൃത്യുവോ ഇല്ലാത്തതാരോ,ദേവന്മാരാലും ദൈത്യന്മാരാലും വന്ദ്യനും അവിനാശിയുമായ അദ്ദേഹത്തെ ശ്രീഹരിയെന്നു വിളിക്കുന്നു. സൃഷ്ടികള്‍ക്കെല്ലാം സ്വാമിയായ ബ്രഹ്മാവ് പോലും യാതൊരാളുടെ നാഭികമലത്തില്‍ നിന്നും ഉണ്ടായോ, ഇക്കാണപ്പെടുന്ന സമസ്തപ്രപഞ്ചത്തേയും നിര്‍മ്മിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സഹായത്താല്‍ ദേവകള്‍ ശത്രുക്കളെ ജയിക്കുന്നു. യോഗികള്‍ ധ്യാനത്തില്‍ അദ്ദേഹത്തെ ഭജിക്കുന്നു.
ഇതുകേട്ട് രാവണന് വീണ്ടും ചോദിച്ചു. ആ വിഷ്ണുഭഗവാനാല്‍ വധിക്കപ്പെടുന്ന ദൈത്യന്മാരും രാക്ഷസന്മാരുമൊക്കെ എങ്ങോട്ടു പോകുന്നു? മരണശേഷം അവരുടെ ഗതിയെന്ത്? അതിന് സനല്കുമാരമുനി പറഞ്ഞു. സാധാരണ ദേവന്മാരുടെ കൈയാല്‍ കൊല്ലപ്പെടുന്നവര്‍ സ്വര്‍ഗ്ഗലോകത്തിലെത്തി സുഖങ്ങള്‍ അനുഭവിച്ചശേഷം പുണ്യം തീരുമ്പോള്‍ ഭൂമിയില്‍ വന്നു പതിക്കുന്നു. ചെയ്യുന്ന പാപപുണ്യങ്ങള്‍ക്കനുസരിച്ച് ജനിച്ചും മരിച്ചും കഴിയുന്നു. എന്നാല്‍ ഭഗവാന് വിഷ്ണുവിന്റെ കൈയാല്‍ കൊല്ലപ്പെടുന്നവര്‍ ജനനമരണങ്ങളില്ലാത്ത വിഷ്ണുപദം പ്രാപിക്കുന്നു. അതുകേട്ട് പ്രസന്നനായ രാവണന് പറഞ്ഞു.
എനിക്കും വിഷ്ണുപദം പ്രാപിക്കണം. അതിനാല്‍ ഞാന്‍ വിഷ്ണുവിനോടു യുദ്ധംചെയ്യും. അപ്പോള്‍ സനല്ക്കുമാരന് അനുഗ്രഹിച്ചു. നിന്റെ ആഗ്രഹം നടക്കും. എന്നാല്‍ അദ്ദേഹം രൂപരഹിതനാണ്. എങ്കിലുംഞാന്‍ അദ്ദേഹത്തിന്റെ രൂപം സങ്കല്പിക്കാന് പറഞ്ഞുതരാം. അദ്ദേഹം നദങ്ങളും നദികളും തുടങ്ങി സകല സ്ഥാവര ജംഗമ വസ്തുക്കളിലും നിറഞ്ഞിരിക്കുന്നു. വിശ്വത്തിലുള്ള സര്വ്വദേവന്മാരും സൂര്യചന്ദ്രന്മാരും കാലവും എല്ലാം അദ്ദേഹത്തിന്റെ രൂപങ്ങള്‍ തന്നെ. സമ്പൂര്‍ണ്ണ വിശ്വത്തെയും സൃഷ്ടിച്ചു രക്ഷിച്ചു സംരക്ഷിക്കുന്ന ആ വിഷ്ണുഭഗവാന് നിര്‍വ്വികാരനും നാനാതരം ലീലകള്‍ നടത്തുന്നവനുമാണ്. ഈ മൂന്നുലോകവും ആ വിഷ്ണുവില് വ്യാപിച്ചിരിക്കുന്നു. ശ്യാമവര്‍ണ്ണനായ ഭഗവാന് മഞ്ഞപ്പട്ടുടുക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: