കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തില്‍ കണ്ണ് മഞ്ഞളിച്ച് നില്‍ക്കുകയാണ് വിപ്ലവ ഇതിഹാസമെന്ന് മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പാടിപ്പുകഴ്ത്തുന്ന എണസ്റ്റോ ചെഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര. ആശയാടിത്തറയൊന്നുമില്ലാത്ത ഈ സ്വീകരണമെന്തിനെന്ന് സംഘാടകര്‍ക്കോ സ്വീകരണമേറ്റുവാങ്ങുന്ന അലെയ്ദക്കോ വ്യക്തതയില്ല. ഇതൊരു കൊടുക്കല്‍വാങ്ങല്‍ മാത്രമാണെന്ന് വ്യക്തമാണ്. അലെയ്ദ ഗുവേരയ്ക്ക് കേരളത്തിലെ മാര്‍ക്സിസ്റ്റുകളെകുറിച്ച് അറിയില്ലെങ്കിലും കേരളത്തില്‍ മാര്‍ക്സിസം ഉപജീവനമാക്കിയവര്‍ക്ക് ലോകത്ത് മാര്‍ക്സിസത്തിനു വന്നുഭവിച്ച ദുരവസ്ഥയെകുറിച്ച് അറിയാതിരിക്കാന്‍ തരമില്ല.
ലോകത്ത് തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്വപ്നംകണ്ട് സമരപാതയിലിറങ്ങി മരണംവരിച്ച ചെഗുവേരയുടെ മകള്‍, കേരളത്തിലെ മാര്‍ക്സിസത്തിന്റെ വക്താക്കള്‍ കൊന്നുതള്ളിയ തൊഴിലാളി സഹോദരങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിച്ചിരിക്കില്ല. 1969ല്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന സാധാരണ കൂലിത്തൊഴിലാളിയെ കൊലചെയ്ത് രാഷ്ട്രീയ മാടമ്പിത്തത്തിന് തുടക്കമിട്ട കേരളത്തിലെ സിപിഎം എന്ത് തൊഴിലാളി വിപ്ലവമാണ് ലക്ഷ്യമിട്ടതെന്നെങ്കിലും അലെയ്ദയോട് വ്യക്തമാക്കേണ്ടതല്ലേ? അലെയ്ദ ഡോക്ടറാണ്. കൂത്തുപറമ്പില്‍, നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ, ഒരു അധ്യാപകന്റെ ഇരുകാലുകളും വെട്ടിമാറ്റിയതും, ക്ലാസ്സ്മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയതും, സാക്ഷിപറഞ്ഞാല്‍ അവര്‍ക്കും ഇതാണ് ഗതിയെന്ന് അതേ ചുടുരക്തംകൊണ്ട് ബ്ലാക്ക്ബോര്‍ഡില്‍ എഴുതിവെച്ചതും കേരളത്തിലെ മാര്‍ക്സിസ്റ്റുകാരാണ്. ഇരിട്ടി കാര്‍ക്കോട് അമ്മു അമ്മയെന്ന വയോവൃദ്ധയെ പരസ്യമായി ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതും മാര്‍ക്സിസത്തിന്റെ വക്താക്കള്‍തന്നെയാണ്.
അന്നൂരില്‍ ബിഎംഎസ് നേതാവ് രാമചന്ദ്രനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ അക്രമികളുടെ കാലില്‍വീണ് അരുതേയെന്ന് അപേക്ഷിച്ച ഭാര്യയോട് വിധവയായ നിനക്കിനി താലിവേണ്ടെന്ന് പറഞ്ഞ് താലിപൊട്ടിച്ച് കൊണ്ടുപോയ കാട്ടാളത്തം കേരളത്തിലെ പൊതുസമൂഹം മറന്നിട്ടില്ല. ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അംഗമല്ലെന്നതിനാല്‍ സ്വന്തം നാടും വീടും വിട്ട് പ്രവാസികളായത് നിരവധിപേരാണ്.
രാഷ്ട്രീയ കൊലപാതകവും അക്രമവും കേരളത്തിലെ മാര്‍ക്സിസ്റ്റുകള്‍ക്ക് പ്രത്യയശാസ്ത്രപരമായിരുന്നില്ല. ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കള്‍ സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍പ്പെട്ടവരെയും വെറുതെവിട്ടില്ല. ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെയും ഇരിട്ടി മുഴക്കുന്നിലെ സിപിഐയുടെ യുവനേതാവ് പി. ദാമോദരനെയും വെട്ടിക്കൊലപ്പെടുത്തിയത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായിരുന്നില്ല.
സാമ്രാജ്യത്വത്തിനെതിരെ നാഴികയ്ക്ക് നാല്പതുവട്ടം മുദ്രാവാക്യം മുഴക്കുമ്പോഴും ഒരു പനിവന്നാല്‍ പോലും കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള മാര്‍ക്സിസ്റ്റുകാര്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് വിമാനംകയറുന്നത് അലെയ്ദ അറിയണം. പ്രത്യയശാസ്ത്രത്തിന്റെ മേമ്പൊടിനല്‍കി സ്ഥാനത്തും അസ്ഥാനത്തും എല്ലാത്തിനെയും വിമര്‍ശിക്കുകയും ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നത് മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെ ശൈലിയാണ്. അലെയ്ദ മാര്‍ഷ് എന്ന രണ്ടാംഭാര്യയില്‍ ചെഗുവേരയ്ക്കുണ്ടായ മൂത്തമകള്‍ അലെയ്ദയ്ക്ക് ഇതൊന്നുമറിയാന്‍ താല്പര്യമുണ്ടാവണമെന്നില്ല.
മാര്‍ക്സിസം ഉപജീവനമാര്‍ഗമാക്കിയവര്‍ ഇതൊന്നും പുറത്തറിയാതിരിക്കാന്‍ എന്നും ബദ്ധശ്രദ്ധരായിരുന്നു. മാനവികതയുടെയും പുരോഗമനത്തിന്റെയും വിപ്ലവത്തിന്റെയും സുഗന്ധംപൂശി എല്ലാം അവര്‍ സ്വകാര്യമാക്കിവയ്ക്കും. തനിക്ക് ലഭിക്കുന്ന സ്വീകരണങ്ങളും സൗകര്യങ്ങളും അലെയ്ദയും ആസ്വദിക്കുകയാണ്. പ്രത്യയാശാസ്ത്രത്തെ വില്പനച്ചരക്കാക്കി ഉപജീവനം നടത്തിയ ലോകകമ്മ്യൂണിസ്റ്റുകളുടെ പതിപ്പില്‍നിന്ന് മാറാന്‍ അവര്‍ക്കും താല്പര്യം കാണില്ല.
എന്തുകൊണ്ട് അലെയ്ദ കേരളത്തില്‍ എന്നതിന് ഒറ്റ ഉത്തരമേയുള്ളു. ഇതൊരു കൊടുക്കല്‍ വാങ്ങലാണ്. ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകള്‍ ഒരിക്കലും നമ്മുടെ രാജ്യത്തെ മഹാപുരുഷന്മാരെ അംഗീകരിച്ചിട്ടില്ല. മാര്‍ക്സും ഏംഗല്‍സും ലെനിനും സ്റ്റാലിനും ചെഗുവേരയുമെല്ലാമാണ് അവരുടെ ഭിത്തികള്‍ അലങ്കരിച്ചത്. അവര്‍ക്കൊന്നും ഇനി കേരളത്തില്‍ അവശേഷിക്കുന്ന മാര്‍ക്സിസ്റ്റുകളെ ആവേശം കൊള്ളിക്കാനാവില്ലെന്ന തിരിച്ചറിവാണ് അവസാനകച്ചിത്തുരുമ്പായ അലെയ്ദയുടെ പട്ടാഭിഷേകത്തിന് പിന്നില്‍.
ലോകത്ത് മാര്‍ക്സിസം നാമാവശേഷമാകുന്ന ഈ കാലഘട്ടത്തില്‍ അവസാനത്തെ തുരുത്തുകളിലൊന്നായ കേരളത്തില്‍ മാത്രമേ ചെഗുവേരയുടെ പേരില്‍ തനിക്ക് അല്പമെങ്കിലും അംഗീകാരവും സ്വീകരണവും ലഭിക്കുകയുള്ളൂവെന്ന് അലെയ്ദയ്ക്കുമറിയാം. കേരളത്തില്‍ മാര്‍ക്സിസത്തിന്റെപേരില്‍ നടക്കുന്നത് അല്‍പമെങ്കിലുമറിഞ്ഞാല്‍ ചെഗുവേരയുടെ പോരാട്ടം വ്യര്‍ഥമായിപ്പോയെന്ന് ചിലപ്പോള്‍ അലെയ്ദയ്ക്ക് തോന്നാം. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി ചെയ്യുന്ന മെയ്വഴക്കത്തോടെ ചെഗുവേരയെ എങ്ങനെ രാഷ്ട്രീയമായി മാര്‍ക്കറ്റ് ചെയ്തോ അതിനുള്ള വൃഥാശ്രമംതന്നെയാണ് അലെയ്ദയിലൂടെയും സിപിഎം ലക്ഷ്യമിടുന്നത്. ഇവര്‍ ഉറക്കം നടിക്കുന്നവരാണ്, ഉണര്‍ത്താനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: