കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മഹാപ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണം സ്തംഭിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള ഇരുനൂറോളം ക്ഷേത്രങ്ങളാണ് പുനര്‍നിര്‍മിക്കേണ്ടത്. 500 ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തണം. ബോര്‍ഡിന്റെ കണക്കനുസരിച്ച് 200 കോടിയുടെ നഷ്ടമാണുണ്ടായത്. സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രം.
പ്രളയത്തിന് ഒരാണ്ടാകുമ്പോള്‍ മുങ്ങിയ ക്ഷേത്രങ്ങളില്‍ പലതും ജീര്‍ണ്ണാവസ്ഥയിലാണ്. പണമില്ലാത്തത് മൂലം ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളും നിര്‍ത്തി. ശ്രീകോവിലുകളുടെ നിര്‍മാണം, അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്.
ശബരിമലയിലെ യുവതീപ്രവേശന വിവാദമാണ് ബോര്‍ഡിന്റെ വരുമാനം ഇടിച്ചത്. ശബരിമലയിലെ കാണിക്കയില്‍ മാത്രം നൂറ് കോടിയോളം രൂപയുടെ കുറവുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ 100 കോടി പ്രഖ്യാപിച്ചെങ്കിലും 30 കോടി മാത്രമാണ് അനുവദിച്ചത്. ഈ തുകകൊണ്ട് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടത്താനാണ് നിര്‍ദേശം. ഇത് ഒന്നിനും തികയില്ലെന്നാണ് ബോര്‍ഡിലെ മരാമത്ത് വിഭാഗം പറയുന്നത്.
ഭക്തജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ബജറ്റില്‍ സര്‍ക്കാര്‍ 100 കോടി പ്രഖ്യാപിച്ചെങ്കിലും ബോര്‍ഡിന്റെ സാമ്പത്തികനില അനുദിനം മോശമാവുകയാണ്. ഈ നില തുടര്‍ന്നാല്‍ ഓണത്തിന് ബോണസും മറ്റാനുകൂല്യങ്ങളും നല്കുന്ന കാര്യവും സംശയത്തിലാണ്. ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള സ്ഥിരനിക്ഷേപത്തില്‍ നിന്ന് നിത്യനിദാന ചെലവുകള്‍ക്ക് 20 കോടി വീതം പിന്‍വലിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ സീസണിലെ ശബരിമല ലേലത്തുകയിലുണ്ടായ ചോര്‍ച്ചയും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി. സ്ഥലലേലം നഷ്ടത്തിലായെന്ന കാരണത്താല്‍ ലേലത്തുക മുഴുവനും അടയ്ക്കാന്‍ കച്ചവടക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: