തിരുവനന്തപുരം: കര്‍ക്കടക വാവുബലി ദിവസം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സിയുടെ പകല്‍കൊള്ള. ദിനംപ്രതി നടത്തുന്ന സര്‍വീസുകള്‍ ഒറ്റയടിക്ക് സ്‌പെഷ്യല്‍ സര്‍വീസായി ഉയര്‍ത്തികൊണ്ടാണ് ഭക്തരുടെ പോക്കറ്റുകള്‍ കെ.എസ്.ആര്‍.ടി.സി കൊള്ളയടിച്ചത്. വര്‍ക്കലയില്‍ ബലിയിടാന്‍ പോയ യാത്രക്കാരാണ് ഈ പകല്‍കൊള്ളയ്‌ക്ക് ഏറ്റവുമധികം ഇരയായത്. സാധാരണ ഗതിയില്‍ വടശ്ശേരിക്കോണം മുതല്‍ വര്‍ക്കല ക്ഷേത്രം വരെ കെഎസ്ആര്‍ടിസി ബസ്സില്‍ 10 രൂപ ഈടാക്കുമ്പോള്‍ സ്‌പെഷ്യല്‍ സര്‍വീസിന്റെ പേരില്‍ 13 രൂപ ടിക്കറ്റാണ് നല്‍കിയത്.
ബസ്സില്‍ കയറി ടിക്കറ്റിന് പണം കൊടുക്കുമ്പോഴാണ് ടിക്കറ്റ് ചാര്‍ജ് കൂടുതലാണെന്ന വിവരം പല യാത്രക്കാരും അറിഞ്ഞത്. ബസ്സില്‍ വന്‍ തിരക്കായതിനാല്‍ ഇറങ്ങിപ്പോകാനോ കൂടുതല്‍ തര്‍ക്കിക്കാനോ കഴിയാതെ ആ രൂപ തന്നെ കൊടുത്ത് യാത്ര ചെയ്യുകയായിരുന്നു ബലിയിടാനെത്തിയ ഭക്തര്‍ പറയുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഡിപ്പേകകളില്‍ നിന്ന് വര്‍ക്കലയിലേക്ക് ഇന്നു സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്നു. ഇതിനെല്ലാം അധിക ടിക്കറ്റ് നിരക്കുകളാണ് വാങ്ങിയത്. ശബരിമല സീസണിലും ഭക്തരുടെ കൈയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി അധിക തുകയാണ് വാങ്ങിയിരുന്നത്. ഇതു വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വാവുബലി ദിവസവും കെ.എസ്.ആര്‍.ടി.സിയുടെ കൊള്ള.
















