തിരുവനന്തപുരം: ഓര്‍ത്ത്‌ഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളുടേയും പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
വിപുലമായ ചര്‍ച്ചയില്‍ ഇരു വിഭാഗത്തിന്റേയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ സഭാതര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടര്‍മാരും ഡിജിപിയും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.
എന്നാല്‍ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഓര്‍ത്ത് ഡോക്‌സ് സഭ. സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയശേഷമേ ചര്‍ച്ചയ്‌ക്കുള്ളെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ. തങ്ങള്‍ക്കനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ ശേഷം സര്‍ക്കാരുമായി എന്ത് ചര്‍ച്ചയ്‌ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളോട് സഹകരിക്കുമെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം ശബരിമല വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ധൃതി പള്ളിത്തര്‍ക്കത്തിന്റെ കാര്യത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ആരോപണം ഉണ്ട്. തര്‍ക്കത്തിലുള്ള പള്ളികളുടെ ചുമതല ഓര്‍ത്ത് ഡോക്‌സ് വിഭാഗത്തിനായിരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവ് ശബരിമല വിധി വരുന്നതിന് മാസങ്ങള്‍ക്ക് മുന്നേ വന്നതാണ്.
ഇത് നടപ്പിലാക്കാന്‍ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതാണ് ഓര്‍ത്ത്‌ഡോക്‌സ് സഭയെ ചൊടിപ്പിച്ചത്. അതിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മൃതദേഹം സംസ്‌കരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
















