തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്ത് ജൂണ്‍ ഒന്‍പതു അര്‍ധരാത്രി മുതല്‍ ആരംഭിച്ച വര്‍ഷകാല ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ കൊല്ലം നീണ്ടകര പാലത്തിനു താഴെ ബന്ധിച്ചിട്ടുള്ള ചങ്ങലകള്‍ ഇന്ന് അര്‍ധരാത്രിയോടെ അഴിച്ചുമാറ്റും. അതോടെ അഴിമുഖവും അനുബന്ധ തൊഴില്‍മേഖലകളും വീണ്ടും സജീവമാകും.
ജൂണ്‍ 9ന് അര്‍ധരാത്രിയില്‍ നീണ്ടകര പാലത്തിന്റെ തൂണുകള്‍ക്ക് കുറുകെ ബന്ധിച്ച ചങ്ങല ഇന്ന് അര്‍ധരാത്രി നീക്കംചെയ്യുന്നതോടെ 52 ദിവസത്തെ നിരോധനമാണ് അവസാനിക്കുന്നത്. നിരോധനംമൂലം ജോലി നഷ്ടമായ തൊഴിലാളികള്‍ക്ക് പഞ്ഞമാസ ധനസഹായമായി 2.69 കോടി രൂപ അനുവദിച്ച് വിതരണം ചെയ്തിരുന്നു. നിരോധനത്തിന് മുന്നോടിയായി നീണ്ടകരപാലത്തിന്റെ കിഴക്കുവശത്ത് മാറ്റിയിരുന്ന എല്ലാ യന്ത്രവത്കൃതയാനങ്ങളും മത്സ്യബന്ധനത്തിന് തയാറായി.
ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും ബോട്ടുകളിലെല്ലാം ഡീസലും ഐസും നിറച്ചുകഴിഞ്ഞു. ദിവസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളിലാണ് ഐസ് നിറയ്‌ക്കുന്നത്. ദക്ഷിണകേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രങ്ങളായ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ നിന്ന് ഇന്നുരാത്രി കടലിലേക്ക് പോകാന്‍ മത്സ്യബന്ധനബോട്ടുകളെല്ലാം തയാറെടുത്ത് കഴിഞ്ഞു. നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്ന തൊഴിലാളികള്‍ വന്നുതുടങ്ങി. ശക്തികുളങ്ങരയില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ രണ്ടു ദിവസമായി കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ളവരാണ് അധികവും.
കുളച്ചല്‍, മാര്‍ത്താണ്ഡം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും ഏറെയുണ്ട്. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം ചാകര പ്രതീക്ഷിച്ചാണ് ഓരോബോട്ടും കടലിലേക്ക് ഇറങ്ങുന്നത്. തീരദേശത്തുള്ള വിവിധ ആരാധനാലയങ്ങളില്‍ എത്തി പ്രാര്‍ഥനകളും നേര്‍ച്ചകളും നടത്തിയാണ് എല്ലാ ബോട്ടുടമകളും തൊഴിലാളികളും ശുഭാപ്തി വിശ്വാസത്തോടെ കടലിലേക്ക് പോകുന്നത്.
















