കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതിന് 62 ലക്ഷം രൂപാ ഫീസ് നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി. ശബരിമല നട വരുമാനം കുറഞ്ഞതോടെ ഇത്രയും ഭീമമായ വക്കീല്‍ ഫീസ് നല്‍കുന്നത് എങ്ങിനെയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആലോചന.
ശബരിമലയിലെ വരുമാനം ഇടിഞ്ഞെന്ന് ചൂണ്ടിക്കാണിച്ച് സിങ്‌വിയോട് ഫീസില്‍ ഇളവു തേടാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ദേവസ്വം ബോര്‍ഡ് ഉന്നതതല സമിതിയുടെ അനുമതി പോലും ഇല്ലാതെയാണ് സിങ്‌വിയെ കേസ് ഏല്‍പ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ കുറ്റപ്പെടുത്തി.
കേസ് മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരനെയോ ഗോപാല്‍ സുബ്രഹ്മണ്യത്തെയോ ഏല്‍പ്പിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച അഭിഭാഷക ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് സിങ്‌വിയെ ഏല്‍പിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് അറിയിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നുള്ള ബോര്‍ഡിന്റെ നിലപാട് കോടതിയില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.
















