കൈലാസപര്‍വ്വതം പൊക്കി ശിവപ്രീതി സമ്പാദിച്ച രാവണന്‍ ചന്ദ്രഹാസവും നേടിയിട്ട് യുദ്ധത്തിനായി ഹേഹയരാജ്യത്തിലേക്കുപോയി. അഞ്ഞൂറുശിരസ്സും ആയിരം കൈകളുമുള്ള ഹേഹയനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധിച്ച് തടവിലിട്ടു. ഇതറിഞ്ഞ് രാവണന്റെ മുത്തച്ഛനായ പുലസ്ത്യമഹര്‍ഷി എത്തി കാര്‍ത്തവീര്യാര്‍ജ്ജുനന്റെ തടവില്‍ നിന്നും രാവണനെ മോചിപ്പിച്ചു. പിന്നീടാണ് ബാലിയോട് എതിരിടാന്‍ പോയതും ബാലിയുടെ ബന്ധനത്തിലായതും. പിന്നെ ബാലിയുമായി മൈത്രിയുണ്ടാക്കി.
അഗസ്ത്യസ്തുതി. (മൂലം-ഉത്തരകാണ്ഡം- സര്‍ഗ്ഗം 2- 63 മുതല്‍ 77)
രാവണന്റെയും കുടുംബത്തിന്റെയും കഥപറഞ്ഞിട്ട് അഗസ്ത്യന്‍ ശ്രീരാമനെ സ്തുതിക്കുന്നു.
ഭവന്നാരയണഃ സാക്ഷാജ്ജഗതാമാദികൃദ്വിഭുഃ
ത്വത്സ്വരൂപമിദം സര്‍വം ജഗത്സ്ഥാവരജംഗമം
ത്വന്നാഭി കമലോല്പന്നോ ബ്രഹ്മാ ലോകപിതാമഹഃ
അഗ്നിസ്‌തേ മുഖതോ ജാതോ വാചാ സഹ രഘൂത്തമഃ
ഹേ ഭഗവന്‍, അങ്ങ് സര്‍വ്വലോകങ്ങളേയും രക്ഷിക്കുന്ന സാക്ഷാല്‍ ജഗത്തിന്റെ ആദി കര്‍ത്താവും പ്രഭുവുമാണ്. അങ്ങ് സ്ഥാവരജംഗമമായ സര്‍വജഗത്തിന്റെയും സ്വരൂപമാണ്. ഹേ രഘൂത്തമ! ലോകപിതാവായ ബ്രഹ്മാവ് അങ്ങയുടെ നാഭിപത്മത്തില്‍ നിന്നും ഉത്ഭവിച്ചു. അതുപോലെ ഹേ ദേവ, വാണീദേവിയുമൊത്ത് അഗ്നിദേവന്‍ അങ്ങയുടെ മുഖത്തുനിന്നും ഉണ്ടായി. അങ്ങയുടെ ഭുജങ്ങളില്‍ നിന്നും ലോകപാലന്മാരുടെ സമൂഹവും, നേത്രങ്ങളില്‍ നിന്നും സൂര്യചന്ദ്രന്മാരും, ചെവിയില്‍ നിന്നും ദിക്കുകളും, ഘ്രാണേന്ദ്രിയത്തില്‍ നിന്നും ദേവശ്രേഷ്ഠന്മാരായ അശ്വിനീകുമാരന്മാരും ഉണ്ടായി. ജംഘ(മുഴങ്കാല്‍), ജാനു(കാല്‍മുട്ട്), ഊരു (തുട), ജഘനം(അരക്കെട്ട്) തുടങ്ങിയ അവയവങ്ങളില്‍ നിന്നും ഭൂലോകം ഭുവര്‍ലോകം സ്വര്‍ലോകം തുടങ്ങിയവയുണ്ടായി. ഹേ ഹരേ, അങ്ങയുടെ ഉദരത്തില്‍ നിന്നും നാലു സമുദ്രങ്ങള്‍ സ്തനങ്ങളില്‍ നിന്നും ഇന്ദ്രവരുണന്മാര്‍ വീര്യത്തില്‍ നിന്നും ബാലഖില്യാദി മുനിമാര്‍ എന്നിവരുണ്ടായി.
അങ്ങയുടെ ഉപസ്ഥത്തില്‍ നിന്നും യമന്‍, ഗുദത്തില്‍ നിന്നും മൃത്യു, ക്രോധത്തില്‍ നിന്നും മുക്കണ്ണനായ ശിവന്‍ എന്നിവരുണ്ടായി. അസ്ഥികളില്‍ നിന്നും പര്‍വതസമൂഹം കേശങ്ങളില്‍ നിന്നും മേഘം, രോമങ്ങളില്‍ നിന്നും ഓഷധികള്‍, നഖങ്ങളില്‍ നിന്നും കഴുത തുടങ്ങിയ മൃഗങ്ങള്‍ എന്നിവയുണ്ടായി. മായാശക്തിയോടുകൂടിയ അങ്ങ് വിശ്വരൂപനായ പരമപുരുഷനാണ്. പ്രകൃതിഗുണങ്ങളോടു കൂടിയവനാണെങ്കിലും അങ്ങ് നാനാരൂപങ്ങളില്‍ കാണപ്പെടുന്നു. അങ്ങയെ ആശ്രയിച്ച് ദേവന്മാര്‍ യജ്ഞങ്ങളില്‍ അമൃതപാനം ചെയ്യുന്നു.
സമ്പൂര്‍ണ്ണമായ ഈ ജഗത്ത് അങ്ങയാല്‍തന്നെ രചിക്കപ്പെട്ടതാണ്. സമസ്തചരാചരങ്ങളും ജീവികളും അങ്ങയുടെ ശ്രേയസ്സുകൊണ്ടു ജീവിക്കുന്നു. ഹേ രഘുനന്ദന, പാലില്‍ അടങ്ങിയിരിക്കുന്ന നെയ്യ് അതിന്റെ എല്ലാ ഭാഗത്തും കലര്‍ന്നിരിക്കുന്നതുപോലെ വ്യവഹാരകാലത്തിലും സമ്പൂര്‍ണ്ണ വസ്തുക്കളും അങ്ങയില്‍ തന്നെ വ്യാപിച്ചിരിക്കുന്നു. സൂര്യചന്ദ്രാദികള്‍ അങ്ങയുടെ പ്രകാശത്താല്‍ പ്രകാശിക്കുന്നു. എന്നാല്‍ അങ്ങ് അവയുടെ പ്രകാശത്താല്‍ പ്രകാശിപ്പിക്കപ്പെടുന്നില്ല. അങ്ങ് സര്‍വഗതനും നിത്യനും ഏകനുമാകുന്നു. ജ്ഞാനദൃഷ്ടിയുള്ളവനുമാത്രമേ അങ്ങയെ ശരിക്കറിയാന്‍ സാധിക്കുകയുള്ളു. അന്ധന് സൂര്യനെ കാണാന്‍ കഴിയാത്തതുപോലെ ജ്ഞാനമില്ലാത്ത കണ്ണുകള്‍കൊണ്ട് അങ്ങയെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല. യോഗികള്‍ ഉപനിഷദ് വാക്യങ്ങളാല്‍ അങ്ങയെ ശരീരഭാഗങ്ങളില്‍ അന്വേഷിക്കുന്നു. എന്നാല്‍ ഭക്തിയുടെ അല്പാംശമെങ്കിലും ഉള്ളവര്‍ക്ക് മാത്രം അങ്ങയെ കാണാന്‍ സാധിക്കുന്നു. ഭക്തയില്ലാത്തവന് ഒരിക്കലും കാണാന്‍ സാധിക്കുകയില്ല. സര്‍വജ്ഞനായ ഹേ ദേവദേവേശ, ഞാന്‍ എന്തൊക്കെയോ പറഞ്ഞതില്‍ അപരാധമുണ്ടെങ്കില്‍ അങ്ങയുടെ കൃപാപാത്രമായ എന്നോടു ക്ഷമിക്കുക.
( തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: