തിരുവനന്തപുരം: മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിന് ക്യാബിനറ്റ് പദവിയോടെ പുതിയ നിയമനം നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേന്ദ്ര ബന്ധം മെച്ചപ്പെടുത്താന്‍ ക്യാബിനറ്റല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മാറിയാല്‍ മതിയെന്നാണ് ഫെയ്‌സ്ബുക്കിലൂടെ സുരേന്ദ്രന്‍ വിമര്‍ശിച്ചത്.
സമ്പത്തിന് സമ്പത്തുകാലം വരുന്നു എന്നാണ് ഇതിനെക്കുറിച്ച് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ ദല്‍ഹിയില്‍ കുടിയിരുത്താന്‍ പോവുകയാണ്. കാറും ബംഗ്ലാവും പരിചാരകരും ശമ്പളവും ബത്തയും ഓഫീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരള ഖജനാവില്‍ നിന്നാണ് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഭരണപരിഷ്‌കാര കമ്മീഷന്‍ പോലെ കോടികള്‍ ചെലവാക്കിയുള്ള മറ്റൊരു നിയമനമാണിത്. സമ്പത്തിന്റെ നിയമനത്തെ അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമെന്ന് വിമര്‍ശിച്ച സുരേന്ദ്രന്‍ ‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി…’ എന്നും വിശേഷിപ്പിച്ചു.
നേരത്തെ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്തിനെ നിയമിച്ചത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കും.
സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം.
സംസ്ഥാന പ്രതിനിധിയായി ദല്‍ഹിയില്‍ നിയമിക്കപ്പെട്ട സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരുമുണ്ടാകും. പുതിയ ഓഫീസിനു വേണ്ടി പുതിയ തസ്തികളുമുണ്ടാക്കും. ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നല്‍കിയത്.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയില്‍ കുടിയിരുത്താന്‍ പോകുന്നു. കാറും ബംഗ്‌ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വര്‍ഷം കോടികള്‍ കേരളഖജനാവില്‍ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങള്‍ക്കുള്ള അംബാസിഡര്‍. കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണുപോലും. ഭരണപരിഷ്‌കാര കമ്മീഷന്‍ പോലെ കോടികള്‍ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാന്‍ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കില്‍ വിഷണറി ആയുള്ള ഭരണത്തലവന്‍ വേണം. ഇതു വെറും അജഗളസ്തനം പോലെ ആര്‍ക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി…
















