തിരുവനന്തപുരം : സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നല്‍കിയിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ച്ചയായ സസ്പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വൈരാഗ്യ ബുദ്ധിയോടെ തന്നെ മനപ്പൂര്‍വ്വം ലക്ഷ്യം വെയ്‌ക്കുന്നെന്ന് ആരോപിച്ച് ജേക്കബ് തോമസ് നല്‍കിയ പരാതിയിലാണ് അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണലിന്റെ ഈ നടപടി.
















