തിരുവനന്തപുരം:സിപിഎമ്മുകാര്‍ പ്രതികളായ കേസുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് പൊതു ഖജനാവില്‍ നിന്നും. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടിമാത്രം ഇതുവരെ കേസ് നടത്തിപ്പിനായി പിണറായി സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും ഇതുവരെ മുടക്കിയത് 56.4 ലക്ഷം രൂപ.
ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ അഭിഭാഷകരെ കൊണ്ടുവന്നതിനാണ് ഇത്രയും തുക ഇടത് സര്‍ക്കാര്‍ ചെലവഴിച്ചത്. കേസന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജിയില്‍, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്.
ഒരു കൊലപാതക്കകേസ് സിബിഐക്ക് വിടേണ്ട എന്ന് വാദിക്കുന്നതിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഇത്രയും ഭീമമായ വക്കീല്‍ ഫീസ് മുടക്കിയത്. ഇതിനായി ഹാജരായതോ സീനിയര്‍ ഗവ. പ്ലീഡര്‍മാരായ പി.നാരായണന്‍, സുമന്‍ ചക്രവര്‍ത്തി, സുപ്രീം കോടതി സീനിയര്‍ അഭിഭാഷകരായ അമരേന്ദ്ര ശരണ്‍, വിജയ് ഹന്‍സാരിയ, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സുപ്രീം കോടതി അഭിഭാഷകനായ വിജയ് ഹന്‍സാരിയയ്‌ക്കു ജൂണില്‍ 12.20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. 2018 ഡിസംബര്‍ 1, 8 തീയതികളില്‍ മുതിര്‍ന്ന അഭിഭാഷകരുമായി കേസ് ചര്‍ച്ച ചെയ്തതിനും 18, 19 തീയതികളില്‍ ഹൈക്കോടതിയില്‍ ഹാജരായതിനും പിന്നീട് 22.42 ലക്ഷം രൂപയുടെ ബില്ല് ഹന്‍സാരിയ വീണ്ടും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിട്ടും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും ഓഫീസില്‍ നിന്ന് പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കണക്കുകള്‍ മനപ്പൂര്‍വ്വം സര്‍ക്കരിന്റെ സമ്മര്‍ദ്ദത്തില്‍ മറച്ചു വെച്ചതാണോയെന്നും സംശയം ഉയരുന്നുണ്ട്.
സുപ്രീം കോടതി അഭിഭാഷകനായ അമരേന്ദ്ര ശരണിനു മേയില്‍ 22 ലക്ഷം രൂപ അനുവദിച്ചു. ഈ തുക കൈമാറിയിട്ടില്ല. വിജയ് ഹന്‍സാരിയയുടെ 22.20 ലക്ഷം രൂപയുടെ ബില്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എജിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകര്‍ ഏതെല്ലാം തീയതികളിലാണു ഹൈക്കോടതിയില്‍ ഹാജരായതെന്നും ഇനിയും എത്ര ബില്ലുകള്‍ സമര്‍പ്പിക്കാനുണ്ടെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതു കൂടിയാകുമ്പോള്‍ ഇനിയും ലക്ഷങ്ങള്‍ വന്നേക്കാം.
അതേസമയം മറ്റൊരു സുപ്രീം കോടതി അഭിഭാഷകന് 8.80 ലക്ഷം രൂപ ഈ കേസില്‍ നല്‍കിയെന്ന് വിവരാവകാശ രേഖ മുമ്പ് പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട വിവരാവകാശ രേഖയില്‍ ഈ അഭിഭാഷകന്റെ പേരോ തുകയോ പരാമര്‍ശിക്കുന്നില്ല.
















