കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതന്റെ ആഹ്ലാദത്തിലാണ് തലശ്ശേരി പാലയാട് സ്വദേശിനി ഹസീന ആലിയമ്പത്ത്. ഈ മാസം 13, 14 തീയതികളില്‍ ശ്രീലങ്കയിലെ സുഗതദാസ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റ് 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടിയാണ് ഹസീന ഇന്ത്യയുടെ അഭിമാനതാരമായത്.
മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതിനിടെയാണ് ഫോണ്‍ ഹസീനയ്ക്ക് കൈമാറിയത്. മറുതലയ്ക്കല്‍ പ്രധാനമന്ത്രിയാണെന്നറിഞ്ഞപ്പോള് അമ്പരന്നു പോയെന്ന് ഹസീന പറഞ്ഞു. നന്ദി, ആശംസകള്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. സന്തോഷം കാരണം ഒന്നും പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇതിലും വലിയ അംഗീകാരം വേറെ കിട്ടാനില്ല, ഹസീന പറഞ്ഞു.
ജില്ലാതലം മുതല്‍ ദേശീയതലം വരെ ഒന്നാം സ്ഥാനം നേടിയാണ് ഹസീന ആലിയമ്പത്ത് ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റിന് അര്‍ഹത നേടിയത്. അഞ്ച് വര്‍ഷം ദേശീയ ചാമ്പ്യനായ ലതിക വയനാട് 5000 മീറ്റര്‍ നടത്തത്തില്‍ സ്ഥാപിച്ച റെക്കോഡ് തിരുത്തിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. മറ്റ് മത്സരാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ഹസീന ജേതാവായത് മീറ്റിനെത്തിയവരെ അമ്പരപ്പിച്ചു. കേരളത്തില്‍ നിന്ന് ഇരുപതംഗ സംഘമാണ് ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുത്തത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മികച്ച കായിക താരമായിരുന്നു ഹസീന. 100, 200, 400 മീറ്ററുകളില്‍ നിരവധി തവണ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി. സ്കൂള്‍ കായികമേളയില്‍ കബഡിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു.
ഭൂഗര്‍ഭ ജലവിഭവ വകുപ്പില്‍ ഉദ്യോഗസ്ഥയായ ഹസീന, വിവാഹിതയായതോടെ കായിക രംഗത്തോട് വിടപറഞ്ഞു. തിരിച്ചുവരവ് സ്വപ്നം കണ്ടിരുന്നുവെങ്കിലും സാഹചര്യങ്ങളുണ്ടായില്ല. ഫുട്ബോള്‍ താരമായ മകന് മുഹമ്മദ് ഷഹാദിനൊപ്പം പരിശീലനത്തിനിറങ്ങിയതാണ് തിരിച്ചുവരവിന് കളമൊരുക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെയും കുടുംബശ്രീയുടെയും മത്സരങ്ങളില്‍ പങ്കെടുത്തു. ഭര്‍ത്താവ് മജീദ് കൊടുവേലിയും ദന്തല്‍ വിദ്യാര്‍ത്ഥിനിയായ മൂത്ത മകള്‍ മാജിത മജീദും ഇളയ മകന് മുഹമ്മദ് ജിലാലും അടുത്ത സുഹൃത്ത് കെ.ജെ. സ്മിതയും പൂര്ണപിന്തുണയായി കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: