തിരുവനന്തപുരം: അഴിമതിക്കെതിരായ ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ലെന്ന സന്ദേശമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കോടതി വിധി നല്‍കുന്നതെന്ന് ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള വിധി പ്രതീക്ഷിച്ചതാണ്. ഈ വിധിയെ അംഗീകരിച്ച് താങ്കള്‍ക്ക് സര്‍ക്കാര്‍ പുതിയ പദവി തരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘കേരളം ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയില്‍ ശക്തനായ ഒരു ഭരണകര്‍ത്താവുണ്ട്. അപ്പോള്‍ തീരുമാനമുണ്ടാകും’ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
അകത്തുള്ളവര്‍ അഴിമതി തുറന്ന് പറയണം. തുറന്ന് പറഞ്ഞാല്‍ അവര്‍ക്ക് നീതി ലഭിക്കുമെന്ന വലിയ സന്ദേശം ഈ വിധിയില്‍ ഉണ്ട്. തീര്‍ച്ചയായും അഴിമതിക്കെതിരേ കേരളത്തില്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. എന്നാല്‍ മാത്രമേ ഇവിടെ അഴിമതി അവസാനിക്കുകയുള്ളൂവെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വടക്കേ ഇന്ത്യയിലാണെങ്കില്‍ ഇവിടെ പറയാമെന്ന ഒരു അലിഖിത ചട്ടം ഉള്ളതായിട്ടാണ് മനസ്ലിലാക്കുന്നത്. ഉദാഹരണത്തിന് വൈറ്റിലയില്‍ അഴിമതി തുറന്ന് പറഞ്ഞയാളെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം പാലാരിവട്ടം പാലത്തിന്റെ അഴിമതി നടത്തിയ കോര്‍പ്പറേഷന്‍ മേധാവിയെ ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.
അഴിമതിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അകത്തുള്ളവര്‍ അഴിമതി ആദ്യം ജനങ്ങളോട് പറയുക എന്നതാണ്. അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അഴിമതി മൂടിവെയ്‌ക്കുന്ന സംവിധാനമായതു കൊണ്ട് അതൊന്നും പുറത്തറിയില്ല. അല്ലെങ്കില്‍ കോടതിയില്‍ പോകണം. കോടതിയില്‍ പോകാന്‍ എല്ലാവര്‍ക്കും കഴിയില്ല. അഴിമതിക്കെതിരായ ശബ്ദം നിലച്ചിട്ടില്ലെന്ന് തന്നെയാണ് ഈ വിധി നല്‍കുന്ന സന്ദേശം. അതേസമയം ഭരണകൂടം നീതിനിഷേധം നടത്തുന്നുവെന്ന സന്ദേശവും ഇതിലില്ലേയെന്നും ജേക്കബ് തോമസ് ചോദിച്ചു.
















