തിരുവനന്തപുരം: അധ്യാപകർക്ക് സമൂഹത്തിൽ ചീത്തപ്പേര് നൽകുന്ന എകെജിസിടി എന്ന ഇടതുപക്ഷ സംഘടനയെ കേരളത്തിൽ നിരോധിക്കണമെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും വലിയ അപകടകാരികള്‍ അവിടെ പഠിപ്പിക്കുന്ന എകെജിസിടി എന്ന ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപകരാണെന്നും എബിവിപി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷാ ക്രമക്കേടിന് കൂട്ടുനിന്ന അധ്യാപകരെ പുറത്താക്കുക, കേരളാ യൂണിവേഴ്‌സിറ്റിയിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കുക, കലാലയങ്ങളിലെ ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സര്‍വ്വകലാശാലയിലേയ്‌ക്ക് എബിവിപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന, പക്ഷപാതമായ നിലപാടുകളിലൂടെ വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിക്കുകയാണ് എകെജിസിടി ചെയ്യുന്നത്. കേരളത്തില്‍ ആദ്യമായി നിരോധിക്കപ്പെടേണ്ട സംഘടന എകെജിസിടിയാണെന്നും പ്രിന്റു മഹാദേവ് പറഞ്ഞു.
എല്ലാം കണ്ടിട്ടും ഒന്നുമറിയില്ലെന്ന് പറയുന്ന ഗവര്‍ണ്ണര്‍ രാജിവച്ച് പുറത്തുപോകണം. ഭാരതത്തില്‍ തന്നെ ഇത്രയും ക്രമസമാധാനം തകര്‍ന്ന മറ്റൊരു സംസ്ഥാനമില്ല. എല്ലാ അര്‍ത്ഥത്തിലും തികഞ്ഞ പരാജയമായ ഗവര്‍ണ്ണര്‍ എത്രയും വേഗം രാജിവയ്‌ക്കണം. അല്ലെങ്കില്‍ എബിവിപി രാജിവയ്‌പ്പിക്കും വരെ സമരവുമായി മുന്നോട്ട് പോകും. പിഎസ്‌സി തട്ടിപ്പ് നടത്തുന്ന വേറൊരു സംസ്ഥാനം ഭാരതത്തിലുണ്ടാകില്ല.
നിരവധി പ്രമുഖരെ വാര്‍ത്തെടുത്തതാണ് യൂണിവഴ്‌സിറ്റി കോളേജ്. വിദ്യാര്‍ത്ഥി സമൂഹത്തെ മൂന്ന് പതിറ്റാണ്ടുകളായി അവിടെ ഉരുക്ക് മുഷ്ടി ഉപയോഗിച്ചുകൊണ്ട് എസ്എഫ്‌ഐ നടത്തിയ അടിച്ചമര്‍ത്തലിന്റെ നേരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.എം രവിശങ്കര്‍, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ശരണ്യ, മനോജ്, കെ.എസ് അഖില്‍, പി.അഖില്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വൈശാഖ് സതാശിവന്‍, ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ് കാര്‍ത്തിക് തുടങ്ങിയവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി. നന്ദാവനത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
















