ദുബായ്: കേന്ദ്ര സഹമന്ത്രി നേരിട്ട് ഇടപെട്ടതോടെ ദുബായ് – കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. 29 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ആശ്വാസമായത് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകാരണം പുറപ്പെട്ടിരുന്നില്ല.
29 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ മന്ത്രിയുടെ സന്ദേശം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കേന്ദ്ര വ്യോമയാനമന്ത്രിയെ വിളിച്ച് സംസാരിച്ചെന്നും യുഎഇ സമയം വൈകിട്ട് 7.30-യോടെ വിമാനം പുറപ്പെടുമെന്നും വി മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു.
ബോര്‍ഡിംഗ് പാസ്സെടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ വൈകിട്ട് നാലര വരെ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് അറിയപ്പൊന്നും കിട്ടിയിരുന്നില്ല. വേറെ വിമാനത്തില്‍ കയറ്റി നാട്ടിലെത്തിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ലായിരുന്നു. ഈ ആശങ്കള്‍ക്കാണ് കേന്ദ്രമന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്.
















