തിരുവനന്തപുരം : എസ്എഫ്‌ഐ സംഘഷത്തിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി. ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. കോളേജിലെ സംഘര്‍ഷ സമയത്ത് പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന കെ. വിശ്വംഭരന്‍, പരീക്ഷാ ചുമതലയുണ്ടായിരുന്ന ഡോ. ഇ.അബ്ദുലത്തീഫ്, കഴിഞ്ഞവര്‍ഷത്തെ സ്റ്റാഫ് അഡൈ്വസര്‍ വി.എസ്. വിനീത് എന്നിവരെയും സ്ഥലംമാറ്റിയിട്ടുണ്ട്.
കോളേജില്‍ അടുത്തിടെ അരങ്ങേറിയ എസ്എഫ്‌ഐ സംഘര്‍ഷവും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥി നേതാവായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് താത്കാലികമായി മാത്രമാണ് ഈ നടപടിയെന്നും ആരോപണമുണ്ട്. എസ്എഫ്‌ഐ നേതാക്കളെ വഴിവിട്ട് അധ്യാപകര്‍ സഹായിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ശനിയാഴ്ച വൈകീട്ടോടെയാണ് അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. എല്ലാവര്‍ക്കും വീടിനു സമീപത്തെ കോളേജുകളിലേക്കാണ് മാറ്റം നല്‍കിയിട്ടുള്ളത്. ഭരണസൗകര്യാര്‍ത്ഥമാണ് നടപടി എന്നാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥിസംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകരെ പുനര്‍വിന്യസിക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്ന് കോളേജ് വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. സുമ നേരത്തേ പറഞ്ഞിരുന്നു.
















