തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പിന്റെ നിര്‍ദ്ദേശം പാടെ അവഗണിച്ച് മന്ത്രി തോസമസ്് ഐസക്. വിജിലന്‍സിനു നിയമോപദേശകരെ നിയമിക്കാന്‍ നാലു തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ ആവശ്യമാണ് ധനവകുപ്പ് അപ്പാടെ തള്ളിയത്.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മറുപടി നല്‍കി ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു.
മന്ത്രിസഭാ യോഗങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതു പതിവായിരിക്കെയാണ് വിജിലന്‍സിന്റെ ആവശ്യം ധനവകുപ്പ് നിരസിച്ചത്.
വിജിലന്‍സ് അഭിഭാഷകരെ നിയമോപദേശകരെന്നും പ്രോസിക്യൂട്ടര്‍മാരെന്നും തരംതിരിക്കാനായി അധിക തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സമര്‍പ്പിച്ച ഫയലാണു സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് മടക്കിയത്. ഇതോടെ വിജിലന്‍സ് കേസുകളുടെ അന്വേഷണവും നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകായാണ്.
നിയമോപദേശം നല്‍കുന്ന അഭിഭാഷകര്‍ തന്നെ കേസുകള്‍ വാദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ അഭിഭാഷകരെ നിയമോപദേശകരെന്നും പ്രോസിക്യൂട്ടര്‍മാരെന്നും തരംതിരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതു നടപ്പാക്കാനായി നിയമോപദേശകരുടെ നാലു പുതിയ തസ്തിക സൃഷ്ടിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തു. ഇതാണ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ആവശ്യത്തോടെ ആഭ്യന്തര സെക്രട്ടറി ധനവകുപ്പിനു കൈമാറിയത്.
തീരുമാനം വൈകുന്നതു വിജിലന്‍സ് കേസുകളെ സാരമായി ബാധിക്കുമെന്ന കുറിപ്പോടെ ആഭ്യന്തരവകുപ്പ് ഫയല്‍ വീണ്ടും ധനവകുപ്പിനു സമര്‍പ്പിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു രേഖാമൂലം ഉപദേശം നല്‍കുന്നതു വിജിലന്‍സ് നിയമോപദേശകര്‍ അവസാനിപ്പിച്ചു. അഴിമതിക്കേസുകളുടെ നടത്തിപ്പ് വഴിമുട്ടുകയും ചെയ്തു.
















