ആലപ്പുഴയില്‍നിന്ന് ഒളിച്ചോടി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കോണ്‍ഗ്രസ് ലോ കമാന്‍ഡിന്റെ അലമുറയാണ് സഹിക്കാനാകാത്തത്. മനോജ് കുരിശിങ്കല്‍ പോയമുറയ്ക്ക് ആലപ്പുഴക്കാര് സ്വയംചുമന്ന കുരിശാണ് വിദ്വാന്. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നംകാണുകയും രാഹുലിനെ ആ സ്വപ്നം കാണിച്ച് കോള്‍മയിരണിയിക്കുകയും ചെയ്താണ് അദ്ദേഹം ആലപ്പുഴയില്‍നിന്ന് നാടുവിട്ടത്.
രാഹുല്‍ ഊരിയിട്ട കുപ്പായവും എടുത്തണിഞ്ഞ് പാന്റിന്റെ കീശയില്‍ കൈയുംതിരുകി കെസി നടന്നുവരുന്നതുകണ്ടാല്‍ ഏത് സിദ്ധരാമയ്യയും സിദ്ധികൂടും. അമ്മാതിരി പൊളിട്രിക്സാണ് സരിതോര്‍ജ്ജത്തില്‍ പ്രചോദിതനായ ജനറല്‍ സംഘടന് മന്ത്രിയുടേത്.
അമേത്തിയില്‍നിന്ന് മത്സരിച്ചാല്‍ രാഹുല്‍ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടെത്തിയ എമണ്ടന്‍ പുത്തി കെ.സി. വേണുഗോപാലിന്റേതായിരുന്നുപോലും. അതിനുംമാത്രമുള്ള പുത്തിയൊന്നും ആ തലയിലില്ലെന്ന് ആലപ്പുഴക്കാര്‍ക്ക് അറിയാം. അത് സരിത അമേത്തിയില്‍ മത്സരിക്കാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ തോന്നിയ അതിബുദ്ധിയാവാനേ തരമുള്ളൂ. അല്ലാതെ അമേത്തിയെന്തെന്നോ സ്മൃതി ഇറാനി ആരെന്നോ ഒന്നും അറിയാനുള്ള ബുദ്ധിയൊന്നും രാഹുലിന്റെ ലോ കമാന്‍ഡിനില്ല.
അങ്ങനെയൊക്കെയാണ് തോറ്റ്തോറ്റ് ഒരു വഴിക്കായ രാഹുലിനെ സുല്‍ത്താന്‍ബത്തേരിയിലെ പ്രധാനമന്ത്രിയാക്കാമെന്ന് പറഞ്ഞ് ലോ കമാന്‍ഡര്‍മാരെല്ലാംകൂടി ചുരം കയറ്റിയത്. ഇപ്പോള്‍ വയനാട്ടുകാര്‍ക്ക് എംപിയെ കാണണമെങ്കില്‍ ദല്‍ഹിക്ക് വണ്ടി കയറണം. എല്ലാംകൂടി ദല്‍ഹിക്ക് ചെല്ലുന്നെന്ന് കേട്ടാല്‍ പുള്ളി ലണ്ടനിലേക്ക് പറക്കും. ഹൈകമാന്‍ഡിനും ലോകമാന്‍ഡിനുമൊക്കെ പ്രിയപ്പെട്ട ഇടമാണുപോലും ലണ്ടന്‍. മുതലാളി ബ്രിട്ടീഷുകാരനാണെന്ന് സുബ്രഹ്മണ്യംസ്വാമി വെറുതെ പറഞ്ഞതല്ലെന്ന് സാരം. ഇതിനെയൊക്കെയാണ് മണ്ടന്മാര് ലണ്ടനിലെന്ന് പണ്ടുള്ളവര്‍ പറഞ്ഞുവെച്ചിട്ടുള്ളത്.
ബുദ്ധിയുള്ളവരൊക്കെ കോണ്‍ഗ്രസ് വിട്ട് മറ്റുപലയിടത്തും ചേക്കേറി. എന്തിന്, രാഹുല്‍പോലും പണിമതിയാക്കിയ മട്ടാണ്. കോണ്‍ഗ്രസ് വിടാനുള്ള ബുദ്ധിപോലുമില്ലാത്ത അത്തരം മണ്ടന്മാരാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡും ലോ കമാന്‍ഡുമൊക്കെ കളിക്കുന്നത്. കേരളത്തില്‍ ഒരുപണിയുമില്ലാതായിപ്പോയ കെ.സി. വേണുഗോപാലും പി.സി. വിഷ്ണുനാഥുമൊക്കെ മണ്ടന്‍ ശുപ്പാണ്ടിയുടെ ഡബിള്‍ റോള്‍ ആടുകയാണ് ബംഗളൂരുവില്‍. കീശ കീറിയ ജുബ്ബയും അതിനുമുകളില്‍ കറുത്തജാക്കറ്റും ഒരു വശം ചെരിഞ്ഞ്, തോളുകൊണ്ടല്‍പ്പം കുനിഞ്ഞുള്ള നടത്തവുമൊക്കെക്കണ്ടാല്‍ രണ്ടെണ്ണത്തെയും രാഹുല്‍ ഗാന്ധി പെറ്റിട്ടതാണെന്നേ തോന്നൂ. അഭിനയത്തില്‍ ഉമ്മന്‍ചാണ്ടിയന്‍ സ്കൂള്‍ കഴിഞ്ഞേ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും സ്ഥാനമുള്ളൂവെന്ന് തോന്നിപ്പോകുന്നത് ഇമ്മാതിരി മുതലുകളെ കാണുമ്പോഴാണ്.
സരിതോര്‍ജ്ജം കേരളമാകെ കത്തിപ്പടര്‍ന്ന കാലത്താണ് കെസിയുടെ സംഘടനാപാടവംകണ്ട് രാഹുല്‍ അമ്പരന്നത്. അമ്പത്താറാം വയസ്സിലും എടുത്തുപിടിച്ചുനില്ക്കുന്ന ആ ഊര്‍ജ്ജവും ഉന്മേഷവും കണ്ടാണുപോലും പുള്ളിയെ കേന്ദ്രത്തില്‍ ഊര്‍ജ്ജവകുപ്പ് ഏല്‍പ്പിച്ചുകൊടുത്തതും പിന്നെ സംഘടനയ്ക്ക് ഊര്‍ജ്ജം പകരാന്‍ കൂടെകൂട്ടിയതും. ലോക്സഭ നടക്കുമ്പോള്‍ താന്‍ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങള്‍ക്കൊക്കെ പിന്നിലിരുന്ന് ഇളിച്ചുകാട്ടിയും ഡെസ്കിലടിച്ചും പ്രോത്സാഹിപ്പിക്കുന്ന അറുപതോടടുത്ത പൊടിമീശക്കാരനില്‍ ഇളമുറത്തമ്പുരാന് തോന്നിയ താല്പര്യമാണ് ആലപ്പുഴയില്‍നിന്ന് കെസിയെയും കൂടെ പിസിയെയും മുകളിലേക്കെടുക്കാന്‍ കാരണമായതെന്നാണ് അകത്തള വര്‍ത്തമാനം.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുംനിന്ന് കട്ടയും പടവും മടക്കിയ കോണ്‍ഗ്രസ് കുലുക്കിക്കുത്ത് സംഘത്തിന്റെ ബംഗളൂരു കാര്‍ണിവല്‍ കഴിയുന്നതോടെ സംഘാടകപ്രമാണിയുടെ ഊര്‍ജ്ജപ്രസരണം ഇനി ഏതുവഴിക്കെന്ന ആശങ്കയിലാണ് അവശേഷിക്കുന്ന അല്ലറചില്ലറ പാര്ട്ടിക്കാര്. 2013ല്‍ 122 സീറ്റുമായി താന്‍പ്രമാണിത്തത്തോടെ കന്നടനാട് ഭരിക്കാനിറങ്ങിയ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസിനെയാണ് കെസിയും പിസിയും കൂടി കുളിപ്പിച്ച് വാഴയിലയില്‍ കിടത്തിയത്.
വമ്പന്മാരൊരുപാട് നിരന്നുനിന്ന പാര്‍ട്ടിയാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്. മല്ലികാര്‍ജുന ഖാര്‍ഗെ, ജി. പരമേശ്വര, വീരപ്പമൊയ്ലി തുടങ്ങിയ ഘടാഘടികന്മാരായ നേതാക്കള്‍ക്ക് പാരവെച്ചാണ് സിദ്ധപ്പനെ മുന്നില്‍നിര്‍ത്തി കെസി ഇക്കണ്ട കളിക്കൊക്കെ ഒരുങ്ങിയത്. വേണുവായനയില്‍ മനംമയങ്ങിയ ലോകഹൈക്കമാന്‍ഡന്‍ രാഹുലന് എല്ലാം ഇപ്പശര്യാവും എന്നുകരുതി. ഉളുപ്പില്ലാതെ ജാതിപറഞ്ഞും മതവര്‍ഗീയത ഇളക്കിവിട്ടും പണം വാരിയെറിഞ്ഞും റിസോര്‍ട്ടുകളിലും ബാറുകളിലും കയറിനിരങ്ങിയും കോണ്‍ഗ്രസ് രാഷ്ട്രീയം സോളാറിനെക്കാള്‍ അശ്ലീലമാക്കുകയായിരുന്നു കെസിയും പിസിയും. പാരവെച്ചും പരദൂഷണം പറഞ്ഞും കുത്തിത്തിരിപ്പുണ്ടാക്കുന്നതാണല്ലോ രണ്ടും കേരളത്തില്‍പഠിച്ച രാഷ്ട്രീയം.
എന്തായാലും ആ അശ്ലീലനാടകം അവസാനിച്ചു. എന്നിട്ടും രണ്ടെണ്ണത്തിനും ഉളുപ്പില്ലാത്തതാണ് അതിശയം. കുതിരക്കച്ചവടം നടത്തിയെന്നാണ് ആരോപണം. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ഈ തിരുമണ്ടന്മാരുടെ കുത്തിത്തിരിപ്പ് മൂലം രാജിവെച്ചുപോയതിന് രാഹുലിന്റെ ലോ കമാന്‍ഡര്‍മാര്‍ കണ്ട പേരുകൊള്ളാം. ബംഗളൂരു മിഷന് വിജയകരമായി പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് രണ്ട് സിഐഡികളുംകൂടി പഞ്ചാബിലേക്ക് കടക്കാന്‍ സാധ്യത കാണുന്നുണ്ട്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: