ബലിദാനികളുടെ ജീവത്യാഗം ഒരിക്കലും വ്യര്‍ത്ഥമാവുന്നില്ല. കാലങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ഓര്‍മകള്‍ മരണത്തിന്റെ നിമിഷത്തിലും അവര്‍ മനസ്സില്‍ താലോലിച്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്മുറക്കാര്‍ക്ക് കരുത്തുപകരും. മാര്‍ക്‌സിസ്റ്റ് ഹിംസയുടെ ഇരയായി കോളജ് കാമ്പസില്‍ പിടഞ്ഞുമരിച്ച ദുര്‍ഗാദാസന്‍ എന്ന ആര്‍എസ്എസ് പ്രചാരകന്റെ ജ്വലിക്കുന്ന ഓര്‍മകളെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് ‘ഓര്‍മമരം’ എന്ന ഡോക്യുഫിക്ഷന്‍. കവിയും എഴുത്തുകാരനും ‘കേസരി’ വാരികയുടെ ചീഫ് എഡിറ്ററുമായ ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഓര്‍മമരം’ ഉള്ളുപൊള്ളിക്കുന്ന കാഴ്ചാനുഭവമാണ്.
നിലമ്പൂര്‍ കോവിലകത്തെ അംഗവും, ആദ്യകാല ആര്‍എസ്എസ് പ്രചാരകനും, ഭാരതീയ ജനസംഘത്തിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷനുമായ ടി.എന്‍. ഭരതന്റെ (ഭരതേട്ടന്‍) മകനായിരുന്നു ദുര്‍ഗാദാസ്. അച്ഛന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായി മാറിയ ദുര്‍ഗാദാസിനെ നിലമേല്‍ എന്‍എസ്എസ് കോളജില്‍ വച്ച് എസ്എഫ്‌ഐക്കാര്‍ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കാമ്പസില്‍ എബിവിപി പ്രവര്‍ത്തിക്കുന്നതിനെതിരെ എസ്എഫ്‌ഐ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിനിടെ കോളജിലെത്തി ഒരു വിദ്യാര്‍ത്ഥിയുടെ അഡ്മിഷനെക്കുറിച്ച് പ്രിന്‍സിപ്പാളിനെ കണ്ട് സംസാരിച്ച് തിരിച്ചിറങ്ങുമ്പോഴാണ് എസ്എഫ്‌ഐക്കാര്‍ ദുര്‍ഗാദാസിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി നെഞ്ചില്‍ കഠാര കുത്തിയിറക്കിയത്. ആര്‍എസ്എസ് കിളിമാനൂര്‍ താലൂക്ക് പ്രചാരകനായിരിക്കെ, 1981 ജൂലൈ 20-നായിരുന്നു ഇത്.
ഓര്‍മകളുടെ ആഖ്യാന ഘടനയാണ് ‘ഓര്‍മമര’ത്തില്‍ സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്. ഓരോരോ അടരുകളായി ഓര്‍മകള്‍ ചടുലമാവുന്നു. ദുര്‍ഗാ ദാസുമായി പല നിലകളില്‍ അടുത്തിടപഴകിയവര്‍ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ അത് ആദര്‍ശധീരനായിരുന്ന ഒരു യുവാവിന്റെ വാങ്മയ ചിത്രമായി മാറുന്നു. ആര്‍എസ്എസ് തിരൂര്‍-പൊന്നാനി താലൂക്ക് പ്രചാരകനായിരുന്ന പി. വാസുദേവന്‍, ദുര്‍ഗാദാസിന്റെ സുഹൃത്ത് രമേശ്, സഹപാഠി ഇ.എം. സുധാകരന്‍, സഹപ്രവര്‍ത്തകന്‍ ജി.സുധാകരന്‍, ദുര്‍ഗാദാസിന്റെ അനുജന്‍ എം.ശ്രീധര കുമാര്‍, ആര്‍എസ്എസ് മുന്‍ പ്രാന്തപ്രചാരകനും, ഇപ്പോള്‍ അഖില ഭാരതീയ കാര്യകാരി സദസ്യനുമായ എസ്. സേതുമാധവന്‍ എന്നിവര്‍ ദുര്‍ഗാ ദാസിനെക്കുറിച്ച് പങ്കുവയ്‌ക്കുന്ന വികാരനിര്‍ഭരമായ ഓര്‍മകള്‍ ആദര്‍ശസുരഭിലമായിരുന്ന ഒരു കാലത്തേയും, അതിലൂടെ അനുനിമിഷം ധീരമായി നടന്നുപോയ ഒരു ദേശസ്‌നേഹിയേയും അടയാളപ്പെടുത്തുന്നു.
ആര്‍എസ്എസ് പ്രചാരകനായിരുന്ന ദുര്‍ഗാദാസിന്റെ ജീവിതവും, മകന്റെ മരണത്തിലും തളരാത്ത ഭരതേട്ടന്റെ ആദര്‍ശബോധവും അളന്നുമുറിച്ച വാക്കുകളില്‍ കോറിയിടുന്നുണ്ട് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. മമ്പാട് എംഇഎസ് കോളജില്‍നിന്ന് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട ദുര്‍ഗാദാസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്ന കെ.ജി. വേണുഗോപാലും വിവരിക്കുന്നു.
നിലമേലില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗാ ദാസ് സ്മാരക സമിതിയാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. പ്രൊഫ. പി.സി. കൃഷ്ണവര്‍മ രാജ അവതരിപ്പിക്കുന്ന ഭരതേട്ടന്റെ കഥാപാത്രത്തിന് ഗാംഭീര്യമുണ്ട്. അനു കൃഷ്ണന്‍ കാരക്കാട് ഉജ്ജ്വലമാക്കിയ കഥാപാത്രം ദുര്‍ഗാ ദാസായിത്തന്നെ പ്രേക്ഷക മനസ്സില്‍ പുനര്‍ജനിക്കുന്നു. വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ ഗുരുവായൂരപ്പന്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥി കൈലാസ് വി. യും, എബിവിപി പ്രവര്‍ത്തകനായെത്തുന്ന ആനന്ദ് ശിവാനന്ദും അഭിനവ മികവിലൂടെ കഥാസന്ദര്‍ഭങ്ങളെ അര്‍ത്ഥപൂര്‍ണമാക്കുന്നു. മറ്റ് അഭിനേതാക്കളായ വിഷ്ണു ഭാസ്‌കര്‍, സൂര്യ സുരേഷ്, വൈശാഖ് വയനാട്, ആനന്ദ് പേരേടം, ഉണ്ണി പന്തീരാങ്കാവ്, മാസ്റ്റര്‍ അഭിമന്യു, ശാന്ത കൊട്ടാരക്കര, അജു കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മിഴിവുറ്റതാക്കിയിട്ടുണ്ട്.
കറയറ്റ ഫ്രെയിമുകളുടെ ചാരുതയും ചലനാത്മകതയും ഉണ്ണി നീലഗിരിയുടെയും ആയൂര്‍ കൃഷ്ണകുമാറിന്റേയും ഛായാഗ്രഹണത്തെ വ്യത്യസ്തമാക്കുന്നു. രാജേഷ് നിയോ (കലാസംവിധാനം), അനു എ.ആര്‍, പ്രദീപ് പണിയില്‍ (ഡബ്ബിങ്), അനന്തന്‍ കടയ്‌ക്കല്‍ (ചിത്രസംയോജന സഹായി), കാര്‍ത്തികേയന്‍ അമ്പാടി, സുബ്രഹ്മണ്യന്‍ എം., വിഷ്ണുഗോപന്‍ (ഛായാഗ്രഹണ സഹായികള്‍), ബാലു തഞ്ചാവൂര്‍ (പശ്ചാത്തല സംഗീതം), ഹര്‍ഷന്‍, അനന്തു വിജയ് (ചിത്ര സംയോജനം) എന്നിവരാണ് മറ്റ് അണിയറ ശില്‍പ്പികള്‍.
മീനച്ചില്‍ എഴുതിയ ”വരൂ സഹജരേ നമുക്കൊത്തുചേര്‍ന്നിവിടെയീ സ്മൃതിമരച്ചോട്ടില്‍ നമിച്ചുനീങ്ങാം” എന്നുതുടങ്ങുന്ന കവിത പ്രമേയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നു. വരികളുടെ സംഗീതത്തിനും, വി. മനുരാജ്, ലക്ഷ്മി ദാസ് എന്നിവരുടെ ആലാപനത്തിനും പുതുമയുണ്ട്, പോരാട്ട വീര്യം തുടികൊട്ടുന്നുമുണ്ട്.
കേരളത്തിന്റെ കാമ്പസുകളില്‍ അക്രമം നിറച്ച ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭീകരമുഖം വരച്ചുകാട്ടുന്ന ബലിഷ്ഠമായ രചനയാണ് ഓര്‍മ മരത്തിന്റേത്. ആയുധംകൊണ്ടല്ല, ജീവിതംകൊണ്ട് ഇതിനെ നേരിടുമെന്ന പ്രഖ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ ഒരേസമയം താക്കീതും ആഹ്വാനവുമാണ്.
കാഴ്ചയെ നോവുന്നൊരോര്‍മയായും, പ്രതിഷേധത്തിന്റെ അഗ്നിയായും, പ്രതീക്ഷയുടെ ഹൃദയമിടിപ്പായും അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ദുര്‍ഗാ ദാസിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആര്‍എസ്എസ് പ്രചാരകനാവുന്ന വിദ്യാര്‍ത്ഥി ആദര്‍ശജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് കയറിപ്പോകുന്ന അവസാന ദൃശ്യം ആവേശകരവും പ്രത്യാശാഭരിതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: