കര്‍ണാടക രാഷ്ട്രീയം കലങ്ങി മറിഞ്ഞു കഴിയുകയായിരുന്നല്ലോ. ഏറ്റവും ഒടുവിലായി ജനതാദള്‍ യുണൈറ്റഡും കോണ്‍ഗ്രസ്സും ചേര്‍ന്ന് നടത്തിവന്ന കൂട്ടു മന്ത്രിസഭ വിശ്വാസ വോട്ട് നേടുന്നതില്‍ പരാജയപ്പെട്ട് പുറത്തുപോയിരിക്കുകയാണ്. അങ്ങനെയൊരു വിചിത്രമായ കൂട്ടുകെട്ട് രൂപപ്പെടാനുള്ള പ്രേരണതന്നെ കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും, അതിന്റെ നേതാവ് ബി.എസ്. യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറാല്‍ ക്ഷണിക്കപ്പെട്ടതുമായിരുന്നു.
ഭരണഘടന നിലവില്‍ വന്നശേഷം എല്ലാ സംസ്ഥാനങ്ങളിലും കൈക്കൊള്ളപ്പെട്ട കീഴ്വഴക്കമനുസരിച്ചായിരുന്നു ഗവര്‍ണര്‍ അതു ചെയ്തതെങ്കിലും, കേന്ദ്രസര്‍ക്കാരും ഗവര്‍ണറുമായി ചേര്‍ന്ന് ജനായത്തത്തെയും ഭരണഘടനയേയും അട്ടിമറിക്കാന്‍ നീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ്സും ജെഡിയുവും മുറവിളി കൂട്ടി. എന്‍സിപി, ബിഎസ്പി തുടങ്ങിയ ദേശീയ കക്ഷികളും അതിന് ശ്രുതി മീട്ടി. കോണ്‍ഗ്രസ്സായിരുന്നു അക്കൂട്ടത്തിലെ ഏറ്റവും വലിയ കക്ഷിയെങ്കിലും ബിജെപിയെ തടയുക എന്ന ഏകലക്ഷ്യത്തിനുവേണ്ടി എച്ച്. ഡി. കുമാരസ്വാമി ഗൗഡയെ മുഖ്യമന്ത്രിയാക്കി ‘വന്‍ത്യാഗം സഹിച്ച്’ രണ്ടാം കക്ഷിയായി നിലനില്ക്കാന് തയ്യാറായി. തനിക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലായ യദ്യൂരപ്പ രാജി സമര്‍പ്പിച്ച് മാറുകയായിരുന്നു.
കോണ്‍ഗ്രസ്സ് പിന്തുണയോടെ കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കി. അന്നു മുതല്‍ അദ്ദേഹത്തിന്റെ കഷ്ടകാലവും ആരംഭിച്ചു. ഒരു കൊല്ലത്തിലേറെക്കാലം സംസ്ഥാന ഭരിച്ചതിനിടെ അദ്ദേഹം കോണ്‍ഗ്രസ്സിന്റെ പിന് സീറ്റ് ഡ്രൈവിങ്ങില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞത് എത്രയോ തവണ. ജെഡിയുവിന്റെ പൂര്‍വ രൂപമായിരുന്നു പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി. തിരുവിതാംകൂറിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന പട്ടം താണുപിള്ളയായിരുന്നു അതിന്റെ നേതാവ്.
1954-ല്‍ തിരുകൊച്ചി സംസ്ഥാനത്തു നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്ന ദൃഢനിശ്ചയം പൂണ്ട് ഇടതുപക്ഷ ഐക്യമുന്നണിയുമായി സഹകരിക്കുകയും, ആകെ സീറ്റുകളുടെ പകുതി അവര്‍ കരസ്ഥമാക്കുകയും ചെയ്തു. 118 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സ് 45, തമിഴ്നാട് കോണ്‍ഗ്രസ്സ് 12, പിഎസ്പി 19, കമ്യൂണിസ്റ്റ് 23, ആര്‍എസ്പി 9, കെഎസ്പി 8, സ്വതന്ത്രര്‍ 6 എന്നിവര്‍ക്കു പുറമേ ആംഗ്ലോ ഇന്ത്യന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗവുമുണ്ടായിരുന്നു.
പട്ടത്തിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി മന്ത്രിസഭയുണ്ടാവുമെന്ന പ്രതീക്ഷയ്ക്കിടയില്‍ കോണ്‍ഗ്രസ്സിന്റെയും പിഎസ്പിയുടെയും ദേശീയ നേതാക്കള്‍ തീരുമാനിച്ചതനുസരിച്ച് 19 അംഗ പിഎസ്പി മന്ത്രിസഭയുണ്ടാക്കുകയും, കോണ്‍ഗ്രസ്സ് പുറമേനിന്ന് പിന്തുണ നല്‍കുകയും ചെയ്തു. അങ്ങനെ രാജ്യത്തെ ആദ്യത്തെ വിചിത്രമായ ഭരണം 11 മാസം തുടര്‍ന്നു. കോണ്‍ഗ്രസ്സ് ആ മന്ത്രിസഭയ്ക്കു നിലനില്‍ക്കാനുള്ള എല്ലാ അവസരങ്ങളെയും ആസൂത്രിതമായിത്തകര്ത്ത് ഭരണം അസാധ്യമാക്കി.
തിരുകൊച്ചിയില്‍ അന്ന് ഇടതുപക്ഷത്തെ ഒഴിവാക്കാനുപയോഗിച്ച തന്ത്രംതന്നെ കര്‍ണാടകത്തില്‍ ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് പ്രയോഗിച്ചു. ഈ കോണ്‍ഗ്രസ്സ് പാരമ്പര്യം ഓര്‍ത്തെടുക്കാന്‍ കുമാരസ്വാമിക്കോ ദേവഗൗഡയ്ക്കോ കഴിഞ്ഞില്ലെന്നതാണ് ദയനീയം. മാത്രമല്ല ഇക്കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നൊഴിയാതെ എല്ലാ സ്ഥാനങ്ങളും വമ്പിച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിച്ച അന്ന് കര്‍ണാടക സര്‍ക്കാരിന് ഞൊണ്ടിത്താറാവിന്റെ സ്വഭാവം (ലെയിംഡക്ക്) കൈവന്നുകഴിഞ്ഞു. ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നര്‍ത്ഥം.
രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്കും ബഹുജന പ്രസ്ഥാനമെന്ന നിലയ്ക്കും ജനസംഘം-ബിജെപി 1952 മുതല്‍ പടിപടിയായി പടുത്തുയര്‍ത്തിയതാണ് ആ സ്ഥാനം. അതിന് ഭാരതത്തിലെങ്ങുമെന്നതുപോലെ രാഷ്ട്രീയ സ്വയംസേവക സംഘം ഒരുക്കിയെടുത്ത ഭൂമിക കരുത്തു നല്കി. സാക്ഷാല്‍ ശ്യാമപ്രസാദ് മുഖര്‍ജിതന്നെ അതിന്റെ പ്രാരംഭം കുറിക്കാന്‍ ബാംഗ്ലൂരില്‍ എത്തിയിരുന്നു എന്നത് ശ്രദ്ധേയമാകുന്നു.
കര്‍ണാടകത്തിലെ സംഘപ്രവര്‍ത്തനത്തിനായി ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ജി തന്നെ നിയോഗിച്ചയച്ച യാദവറാവു ജോഷിയായിരുന്നു സംഘത്തിന്റെ അടിത്തറ അവിടെയുറപ്പിച്ചത്. അക്കാലത്ത് മദിരാശി, മൈസൂര്‍, ഹൈദരാബാദ് സംസ്ഥാനങ്ങളിലെ കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളിലൊക്കെ സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ദീര്‍ഘവീക്ഷണം മൂലം, പില്ക്കാലത്തുണ്ടായ ഭരണക്രമ സംവിധാന പരിവര്‍ത്തനം അവിടെ ഒരു മാറ്റവുമുണ്ടാക്കിയില്ല. സംഘത്തിന്റെ കര്‍ണാടക പ്രാന്തം തന്നെയായിരുന്നു പില്ക്കാലത്തു രൂപംകൊണ്ട കര്‍ണാടക സംസ്ഥാനവും. കാസര്‍കോടു താലൂക്കിലെ വടക്കന്‍ ഭാഗം മാത്രമാണ് മറ്റൊരു സംസ്ഥാനത്തിന്റെ ഭാഗമായുള്ളത്.
കര്‍ണാടകയില്‍ ജനസംഘപ്രവര്‍ത്തനം ആരംഭിക്കാന്‍ ദീനദയാല്‍ജി യാദവറാവുജിയുടെ സഹകരണം തേടിയപ്പോള്‍ ജഗന്നാഥറാവു ജോഷി, ഭാവു റാവു ദേശ്പാണ്ഡെ എന്നീ രണ്ട് ഇരുത്തം വന്ന പ്രചാരകന്മാര്ക്ക് ആ ചുമതല ഏല്‍പ്പിച്ചുകൊടുത്തു. അതേസമയം വിദ്യാഭ്യാസ, ധാര്‍മിക, ആത്മീയ, വാണിജ്യ വ്യവസായ, തൊഴില്‍ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ ഒട്ടേറെ യുവാക്കളെ ആകര്‍ഷിക്കാനും അവരുടെ ഭാവനകള്‍ക്കു രൂപംനല്കി വളര്‍ത്തെടുക്കാനും യാദവറാവുജിക്കു കഴിഞ്ഞു. 1950-കളായപ്പോള്ത്തന്നെ സംഘത്തിന്റെ ഏറ്റവും മുന്പന്തിയിലെ സംസ്ഥാനങ്ങളിലൊന്നായി കര്‍ണാടകം വളര്‍ന്നുവന്നു.
പുസ്തകപ്രകാശനം, പത്രപ്രവര്‍ത്തനം, അക്കാദമിക ഔന്നത്യമുള്ള പരിപാടികള്‍, ആദ്ധ്യാത്മക കാര്യങ്ങള്‍, സംസ്കൃത ഭാഷാ പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍, ദേശീയ വിദ്യാഭ്യാസരംഗത്തെ ഗവേഷണമടക്കമുള്ള നിരവധി സംരംഭങ്ങള്‍, വനവാസി മേഖലയുടെ വികാസത്തിനും വിദ്യാഭ്യാസത്തിനുമായി നടത്തുന്ന പ്രോജക്ടുകള്‍ എന്നിങ്ങനെ എണ്ണമറ്റ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സംഘപ്രേരണയോടെ ഇപ്പോഴും നടന്നുവരുന്നു. ആഴ്ചയില്‍ ഒന്നു വീതം 10 വര്‍ഷം കൊണ്ടു മുഴുമിച്ച, ഭാരതീയ മഹാത്മാക്കളുടെ ബാലകര്‍ക്കു വേണ്ടിയുള്ള ‘ഭാരത ഭാരതി പുസ്തകമാല’യ്ക്കുമുമ്പില്‍ കണ്ണടയ്ക്കാന്‍ കേന്ദ്ര ത്തിലെ കോണ്‍ഗ്രസ്സ് ഭരണത്തിനുപോലും കഴിഞ്ഞില്ല. കന്നടയിലും ഹിന്ദിയിലും പ്രസിദ്ധീകൃതമായ അതിന്റെ ഇംഗ്ലീഷ് പതിപ്പ് ലോകത്ത് പല രാജ്യങ്ങളിലുമുള്ള ഭാരതീയര്‍ക്ക് പ്രയോജനം ചെയ്തു.
രാജ്യം കണ്ട അതിപ്രശസ്തരായ ഒട്ടേറെ മഹാമനീഷികള്‍ക്കും കര്‍ണാടകയിലെ സംഘത്തിലൂടെ വളര്‍ന്നുവരാന്‍ അവസരമുണ്ടായി. സംഘത്തിന്റെ സര്‍കാര്യവാഹ് ആയി ഒരു വ്യാഴവട്ടക്കാലം ജ്ഞാന- കര്‍മ പ്രകാശം ചൊരിഞ്ഞ ഹോ.വെ. ശേഷാദ്രിയെ ആര്‍ക്ക് മറക്കാനാകും? കേരളത്തില്‍ത്തന്നെ പതിനായിരക്കണക്കിന് സ്വയംസേവകരുടെയും സംഘബന്ധുക്കളുടെയും കുടുംബങ്ങളില്‍ കാരണവരെപ്പോലെയും അടുത്ത സുഹൃത്തായും അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രേരണയും പ്രചോദനവും മൂലം യാഥാസ്ഥിതികത്വത്തിന്റെ പിടുത്തം വിടാതെ കഴിഞ്ഞ എത്രയോ മഠാധിപതിമാരും ആത്മീയചാര്യന്മാരും ഏറ്റവും പിന്നാക്കാവസ്ഥയില്‍ കഴിഞ്ഞുവന്നവരുടെ ചേരിപ്രദേശങ്ങളില്‍ പോയി അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്കാന് തയ്യാറായി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉഡുപ്പിയില്‍ നടന്ന കര്‍ണാടക വിശ്വഹിന്ദു സമ്മേളനത്തില്‍, ഭാരതത്തിലെ ഏതാണ്ടെല്ലാ ധര്‍മ്മാചാര്യ വിഭാഗവും, ഔന്നത്യ നീചത്വ ഭാവങ്ങള്ക്കതീതരായി ‘ഹിന്ദവ സോദരസ്സര്വേ, ന ഹിന്ദു പതിതോ ഭവേത്’ (ഹിന്ദുക്കളൊക്കെ സഹോദരങ്ങളാണ്, ഹിന്ദുക്കളില്‍ അധഃകൃതരില്ല) എന്നു പ്രഖ്യാപിച്ചതിന്റെ പിന്നിലെ പ്രേരകശക്തി അന്നത്തെ സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കറും ശേഷാദ്രിജിയുമായിരുന്നു.
പ്രഗത്ഭരായ ഒട്ടേറെപ്പേരുടെ ഒരു പരമ്പര തന്നെ സംഘത്തിന്റെ പ്രവര്‍ത്തനഫലമായി കര്‍ണാടകത്തിലുടനീളം വളര്‍ന്നുവരാന്‍ സംഘപ്രവര്‍ത്തനം മൂലം സാധ്യമായിട്ടുണ്ട്. നേരത്തെ പ്രസ്താവിച്ചതുപോലെ അവരുടെ പ്രവര്‍ത്തന രംഗങ്ങള്‍ വൈവിധ്യമാര്ന്നവയാകുന്നു. സംഘത്തിന്റെ സര്‍സംഘചാലകനായിരുന്ന കു.സി. സുദര്ശന്, ഇന്നത്തെ സഹസര്‍കാര്യവാഹ് ദത്താത്രയ ഹൊസബാളെ, അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാര്‍ മുതലായി അവരുടെ സംഖ്യ അനന്തമാണ്.
മനുഷ്യജീവിതത്തിന്റെ മാത്രമല്ല, സമസ്ത രംഗങ്ങളുടെയും പഠന നിരീക്ഷണം സംഘത്തിന്റെ കര്മ്മമണ്ഡലങ്ങളില്പ്പെടുന്നു. അതിലെ ഒന്നുമാത്രമാണ് രാജ്യഭരണമുള്ക്കൊള്ളുന്ന രാഷ്ടീയം. കര്‍ണാടകത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന രാഷ്ട്രീയ കോളിളക്കങ്ങള്‍ ശാന്തമാകാന്‍ സംഘ ആദര്‍ശം മാത്രമേ സഹായത്തിനുണ്ടാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: