പട്‌ന: ‘ജയ് ശ്രീറാം’ വിളിയെ അപമാനിച്ചുവെന്നും രാജ്യത്തിന് പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും ആരോപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം 49 സിനിമ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ് ഇടിക്കാനാണ് ‘അസഹിഷ്ണുത’ വാദികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതെന്ന് ബീഹാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേരളത്തില്‍ നിന്നുമുള്ള അടൂര്‍ ഗോപാലകൃഷ്ണനും രേവതിയുമാണ് പരാതിയില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. 49പേരെ വിമര്‍ശിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ച നടി കങ്കണ റണാവത്ത് അടക്കമുള്ള 61പേരെ സാക്ഷികളാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഈ 49പേര്‍ രാജ്യത്തിന് പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നാണ് പരാതിക്കാരനായ സുധീര്‍ കുമാര്‍ ഓജ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചുവരുന്നുവെന്ന് കത്തെഴുതിയത് കപടമതേതര വാദികളെന്ന് രാജ്യത്തെ പ്രമുഖര്‍ നേരത്തെ വ്യക്തമാക്കി.
ജയ് ശ്രീരാം വിളിക്കെതിരെ രംഗത്ത് വന്നവര്‍ സെലക്ടീവ് പ്രതികരണക്കാരാണെന്നും പ്രധാനമന്ത്രിക്ക് കത്തയച്ച 62 പേര്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെയുള്ള അവരുടെ പരാതി അന്യായവും തെറ്റായ വിവരണവുമാണെന്നാണ് നടി കങ്കണ റാവത്ത് ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നത്. ആദിവാസികളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ചൂഷണം ചെയ്യുന്ന മാവോയിസ്റ്റുകളെ കുറിച്ച് അവര്‍ ഒന്നും പറയുന്നി, കാശ്മീരിലെ സ്‌കൂളുകള്‍ വിഘടനവാദികള്‍ കത്തിച്ചാലും ഇവര്‍ അനങ്ങുന്നില്ലെന്നും 62 പേര്‍ മോദിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
കങ്കണ റാവത്ത്, സംഗീതജ്ഞന്‍ പ്രസൂണ്‍ ജോഷി, ക്ലാസിക്കല്‍ ഡാന്‍സറും എം.പിയുമായ സോണല്‍ മാന്‍സിംഗ്, വാദ്യോപകരണ വിദഗ്ധന്‍ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവരടങ്ങിയ 62 അംഗ സംഘമാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
















