മലപ്പുറം: സിപിഎമ്മുമായി ഉടക്കി നിൽക്കുന്ന സിപിഐയെ സ്വാഗതം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരുപാട് നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഐ. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യുഡിഎഫില്‍ എന്നുമുണ്ട്. സിപിഎമ്മിനുണ്ടായ അധപതനത്തില്‍ ഇടതുപക്ഷത്തെ നല്ല മനസുകള്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലപ്പുറം ഡിസിസി സംഘടിപ്പിച്ച ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. സിപിഐ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങള്‍ ഭരിച്ച ഒരു കാലമുണ്ടായിരുന്നു. അതെല്ലാം മനസ്സില്‍ വച്ചാണ് ഞാനിത് പറയുന്നത്. ഭാവിയില്‍ കോൺഗ്രസുമായി കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. പരസ്പരം പരദൂഷണം പറയുന്നവര്‍ക്കല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ഇനി കോൺഗ്രസിൽ സ്ഥാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മാത്രം യുഡിഎഫ് പരാജയപ്പെട്ടു. കോണ്‍ഗ്രസിന് പറ്റിയ വീഴ്ചയാണ് ഇത്. കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകള്‍ ഉപരിവിപ്ലമായി പ്രവര്‍ത്തിക്കുന്നവരായി മാറരുത്.
ദേശീയ തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ ഭയമില്ല. ഈ പരാജയം തത്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാല്‍ ശക്തമായി തിരിച്ചു വരാനാകും. സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. ഫേസ്ബുക്കിലെ അപകീർത്തി നാടകത്തിൽ പാർട്ടിയിലെ നേതാക്കൾക്കും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നേതാക്കന്‍മാരെ വിമര്‍ശിക്കാന്‍ ഇന്റേര്‍ണല്‍ സംവിധാനം ഉപയോഗിക്കുക. ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോഷ്യൽ മീഡിയ ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയുമെന്നും മുല്ലപ്പള്ളി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
വേറെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അവരുടെ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ നിന്നാല്‍ ഈ പാര്‍ട്ടി എവിടെയെത്തുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
















