സിപിഐ ഒരുകാലത്ത് ദേശീയകക്ഷിയായിരുന്നു. വളര്‍ത്തുദോഷംകൊണ്ടാകാം അതൊരു പ്രാദേശിക പാര്‍ട്ടിയായി ഒതുങ്ങുകയാണ്. അങ്ങനെ ചെറുതായാലും അത് അംഗീകരിക്കാന്‍ ആ പാര്‍ട്ടിക്കാവില്ല. ശരിയാണ്, ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലല്ലോ. കോണ്‍ഗ്രസ് ഒന്നാംകക്ഷിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാംകക്ഷിയും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാല ചരിത്രവും ചിത്രവും നോക്കിയാല്‍ കാണാവുന്ന സത്യമതാണ്. അതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ടെന്തുകാര്യം. 1964 സിപിഐ പിളര്‍ന്നപ്പോള്‍ നേതാക്കളുടെ വന്‍നിര സിപിഐക്കൊപ്പമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നും നയപരമായ വിയോജിപ്പിനെതുടര്‍ന്ന് ഇറങ്ങിപ്പോയി. പുതിയ പാര്‍ട്ടിയുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അഥവാ സിപിഎം എന്ന് പേരിട്ടു. തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ഒന്നാമതായി.
ഇന്ത്യന്‍ രാഷ്ട്രീയം പരിശോധിച്ചാല്‍ സിപിഐയ്ക്ക് സ്വാഭാവിക ബന്ധം കോണ്‍ഗ്രസുമായാണ്. ഇന്ദിരാഗാന്ധിയുടെ എല്ലാ ജനാധിപത്യവിരുദ്ധ ഇടപാടുകളോടും ഒപ്പംനിന്ന പാര്‍ട്ടിയാണത്. കേരളത്തിലാണെങ്കില്‍ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കി. അടിയന്തിരാവസ്ഥ കാലം മുഴുവന്‍ സിപിഐയുടെ സി.അച്യുതമേനോനായിരുന്നു കോണ്‍ഗ്രസ് മുന്നണിയുടെ മുഖ്യമന്ത്രി. ബോണസിനെക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥ എന്ന് പ്രഖ്യാപിച്ച നേതാവായിരുന്നു അച്യുതമേനോന്. അച്യുതമേനോന് കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായത് സിപിഎമ്മുകാര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. ”ചേലാട്ട് അച്യു (അച്യുതമേനോന്) ചെറ്റ, ചെറ്റ, വെക്കെട ചെറ്റേ ചൊങ്കൊടിതാഴെ” എന്നായിരുന്നു സിപിഎമ്മുകാര്‍ അന്നുവിളിച്ച മുദ്രവാക്യം. അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോഴാണ് തെറ്റായ കൂട്ടുകെട്ടിലായിരുന്നു ഇതുവരെയെന്ന് സിപിഐ തിരിച്ചറിഞ്ഞത്. ക്ലീന്‍സ്ലേറ്റില്‍ പുതിയ സഖ്യമാവാം. ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ ആഗ്രഹം അതായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് പി.കെ. വാസുദേവന്‍ നായര്‍ സഖ്യത്തിന് കളമൊരുക്കിയത്. സിപിഐയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. ഇനി ആ പദവി സിപിഐയ്ക്ക് സ്വപ്നത്തില്‍പോലും ചിന്തിക്കാനാവുമെന്നും തോന്നുന്നില്ല.
കുറ്റംപറയരുതല്ലൊ സിപിഎമ്മിനെപോലെ അക്രമവാസനയുള്ള കക്ഷിയല്ല സിപിഐ. പക്ഷേ ആക്രമിക്കപ്പെടുന്ന കരങ്ങളെയും കാലുകളെയും ചുംബിക്കുന്ന ശീലവും അവര്‍ക്ക് മാത്രം. ഏറ്റവും ഒടുവില്‍ കൊച്ചിയിലും കേരളത്തിലാകെയും സിപിഐക്കാര്‍ തല്ലുകൊള്ളുന്നത് സിപിഎമ്മുകാരില്‍നിന്നും പോലീസുകാരില്‍ നിന്നുമാണ്. ”നമ്മള് ഭരിക്കുമ്പോള്‍ എംഎല്‍എയും പാര്‍ട്ടി നേതാക്കളും പോലീസിന്റെ തല്ലുവാങ്ങുന്നത് കഷ്ടമാണ്. സിപിഐ നേതാവും കേരളത്തില്‍നിന്നുള്ള അവസാനത്തെ ലോക്സഭാംഗവുമായ സി.എന്‍. ജയദേവന്റെ സങ്കടമാണ്. ആ സങ്കടം പക്ഷേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇല്ലാതെപോയി. പോലീസ് എംഎല്‍എയെ തല്ലിയത് വീട്ടില്‍ കയറിയല്ലല്ലൊയെന്ന കാനത്തിന്റെ ചോദ്യം കമ്മ്യൂണിസ്റ്റുകാരെ മാത്രമല്ല പിന്തിരിപ്പന്മാരെപോലും ചിന്തിപ്പിച്ചു.
കമ്മ്യൂണിസ്റ്റുകാര്‍ സമരത്തിനിറങ്ങരുത്. പ്രത്യേകിച്ചും എംഎല്‍എയെ പോലുള്ളവര്‍. കാനം ഉദ്ദേശിച്ചത് അങ്ങനെയല്ലെ എന്ന ചോദ്യമാണുയരുന്നത്. പോലീസിനെ കുറ്റപ്പെടുത്താനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് കര്‍ക്കശമായി സംസാരിക്കാനോ പറ്റാത്തവിധം സിപിഐ സെക്രട്ടറിയുടെ ഏത് ശരീരഭാഗമാണ് സിപിഎമ്മിന്റെ ആപ്പിലുള്ളത്?
പ്രമാണിമാരായ ഒരുപാടുപേര് സിപിഐയെ നയിച്ചിട്ടുണ്ട്. പറയേണ്ടത് പറയേണ്ടവരോട് പറയാനും ധൈര്യംകാട്ടിയിട്ടുണ്ട്. പക്ഷേ, കാനം ഒരു വിലാപഗാനംപോലെ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? അണികള്‍ ചോദിക്കാന്‍ തുടങ്ങി. പൊതുജനവും സംശയിക്കാന്‍തുടങ്ങി. കാനത്തിന്റെ മകനുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകെട്ട് മുഖ്യമന്ത്രിയുടെ പക്കലുണ്ടോ? സിപിഐ മന്ത്രിമാരുടെ വികൃതികളെന്തെങ്കിലും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? മാധ്യമങ്ങളുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ശീലം തനിക്കില്ലെന്ന് പറയുന്ന കാനം മുഖ്യമന്ത്രിയുടെ ഇംഗിതവും ഭീഷണിയുംകേട്ട് മൗനിയാവുകയാണോ? ഇഎംഎസ് നമ്പുതിരിപ്പാടിന്റെ മുഖത്തുനോക്കി സിപിഐ നേതാവ് ടി.വി. തോമസ് പറഞ്ഞ ഒരുകാര്യം ഓര്‍മിപ്പിക്കട്ടെ. ”ഞാന്‍ കേരളത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. മാര്‍ക്സിസ്റ്റുകാരും മുഖ്യമന്ത്രി നമ്പൂതിരിപ്പാടും അതിനെതിരായി പ്രവര്‍ത്തിച്ചു… മാര്‍ക്സിസ്റ്റുകാരെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.”
ടി.വി. തോമസ് പറഞ്ഞതുപോലെ ഇന്നത്തെ സിപിഐ നേതാക്കളെ വിഡ്ഡികളെന്ന് പറയുന്നില്ല. ഇപ്പോള്‍ ഭരണം ഉപേക്ഷിച്ചാല്‍ സ്ഥാനം മൂഡസ്വര്‍ഗത്തിലാണെന്ന് തിരിച്ചറിഞ്ഞതുപോലെയാണ്. ആട്ടും തുപ്പും മാത്രമല്ല അടിയും ഇടിയും കിട്ടിയാലും ദീപസ്തംഭം മഹാശ്ചര്യം നമുക്കുംവേണം ഭരണം. നേതാക്കളുടെ ചിന്ത അതുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: