ആരുടേയും സഹായത്തിനും ഔദാര്യത്തിനും കാത്തുനില്‍ക്കാതെ കേരളത്തിലെ അവസാന നാടുവാഴികളില്‍ ഒരാളായ നാഗഞ്ചേരി മന വാസുദേവന്‍ നമ്പൂതിരി യാത്രയായി. ഇട്ടുമൂടാനുള്ള സമ്പത്തും സ്വര്‍ണവും അധികാരങ്ങളും ഉണ്ടായിരുന്ന വാസുദേവന്‍ നമ്പൂതിരി നാഗഞ്ചേരി മനയുടെയും നാടുവാഴിത്ത വ്യവസ്ഥിതിയുടെയും സമ്പൂര്‍ണ്ണ തകര്‍ച്ച കണ്ടാണ് ജീവിതത്തില്‍ നിന്നും യാത്രയായത്.
അടച്ചുറപ്പുള്ള, തണുപ്പില്ലാത്ത ഒരു വീട്ടില്‍ ഒരു രാത്രിയെങ്കിലും കിടക്കണമെന്നു ആഗ്രഹിച്ച അദ്ദേഹം അതിനായി മകന്‍ വഴി സര്‍ക്കാര്‍ സഹായം തേടിയിരുന്നു. പക്ഷെ അതിനുപോലും കഴിയാതെയാണ് ഈ നാടുവാഴി ഇപ്പോള്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങിയിരിക്കുന്നത്.
15,000 ഹെക്ടര്‍ കൃഷിഭൂമിയുടെ ഉടമയും ഒന്‍പതോളം ക്ഷേത്രങ്ങളുടെ ഊരണ്മക്കാരനുമായിരുന്ന അദ്ദേഹം ഭൂപരിഷ്‌കരണ നിയമത്തിലൂടെ എല്ലാം നഷ്ടപ്പെട്ട് മൂന്ന് സെന്റിലെ ചെറിയ കൂരയിലൊതുങ്ങി. തുടര്‍ന്ന് ക്ഷേത്രം നടത്തിക്കൊണ്ട് പോകാന്‍ പറ്റാത്ത സാഹചര്യമായപ്പോള്‍ ഇരിങ്ങോള്‍ വനവും ക്ഷേത്രവും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും ക്ഷേത്രത്തിന്റെ കൈയ്യിലുണ്ടായിരുന്ന 200 കിലോ സ്വര്‍ണാഭരണങ്ങളും ചെമ്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കുകയും ചെയ്തു.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌ന ശേഖരവും ഒരുകാലത്ത് മനയ്‌ക്ക് സ്വന്തമായിരുന്നു. കന്നിക്കൊയ്‌ത്തും മകര കൊയ്‌ത്തും കഴിഞ്ഞാല്‍ ഒന്നേകാല്‍ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഉണ്ടായിരുന്നത്. മുന്നോട്ട് പോകാന്‍ നിവര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ 1980 കളിയിലാണ് തുച്ഛമായ തുകയ്‌ക്ക് നാഗഞ്ചേരി മന പെരുമ്പാവൂര്‍ നഗരസഭയ്‌ക്ക് വാസുദേവന്‍ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം അല്ലപ്രയിലെ മൂന്ന് സെന്റിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്ക് താമസം മാറ്റി. താമസം മാറിയതോടെ അദ്ദേഹം കൂടുതല്‍ ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു.
നാഗഞ്ചേരിയുടെ ദുരവസ്ഥ മനസ്സിലാക്കി, നാട്ടുകാരന്‍ കൂടിയായ ഡോ. ഡി. ബാബുപോള്‍ മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് ഒരു വീടുവെച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കാലങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ നാഗഞ്ചേരിയില്‍ നിന്ന് പാട്ടത്തിനെടുത്ത തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ വഴുതക്കാട്ട് മഠം സര്‍വേ നമ്പര്‍ 262-ല്‍ ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നാഗഞ്ചേരിയുടെ ഹര്‍ജി അങ്ങനെ പരിഗണിക്കപ്പെട്ടു.
ഇതേക്കുറിച്ചന്വേഷിച്ച സര്‍ക്കാര്‍ വഴുതക്കാട് ഗണപതിക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള സ്ഥലം മറ്റുള്ളവര്‍ കൈയേറിയതായി കണ്ടെത്തി. അത് തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം സിറ്റിയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടു. ഇ.എം.എസിന് തിരുവനന്തപുരത്ത് സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം തേടി നടന്ന കാലമായിരുന്നു അത്. തനിക്ക് മൂന്ന് സെന്റ് സ്ഥലം ലഭിക്കുമെങ്കില്‍ അത് ഇഎംഎസിന് സ്മാരകം നിര്‍മിക്കാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞ് നാഗഞ്ചേരി അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് കത്തെഴുതി. സമൃദ്ധി മാത്രം കണികണ്ടുണര്‍ന്നിരുന്ന സ്വസമുദായത്തിന് ദാരിദ്ര്യക്കടല്‍ കാട്ടിക്കൊടുത്തയാളാണ് ഇഎംഎസ്എ ന്ന് നാഗഞ്ചേരി കത്തില്‍ പറഞ്ഞു.
ഏതാനും വര്‍ഷം മുമ്പുവരെ സര്‍ക്കാരില്‍നിന്ന് ജന്മിക്കരം ലഭിച്ചിരുന്നു. 62രൂപ ജന്മിക്കരം വാങ്ങാന്‍ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയില്‍ അത് അദ്ദേഹം നിരാകരിച്ചു. ഇപ്പോള്‍ അല്ലപ്രയിലെ തന്റെ കൊച്ചു വീട്ടില്‍ ജന്മിതത്വത്തിന്റെയോ സമ്പത്തിന്റെയോ പൗഢ്യയില്ലാതെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
















