കശ്മീര്‍ പ്രശ്നത്തില്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം എന്ന ഇന്ത്യയുടെ മറുപടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാത്രമല്ല പാക്കിസ്ഥാനും രാജ്യാന്തരസമൂഹത്തിനും കൂടിയുള്ളതാണ്. മധ്യസ്ഥതയ്ക്ക് ആരും ഒരുങ്ങേണ്ടെന്നും ഇവിടുത്തെകാര്യം ഇവിടെ നോക്കിക്കൊള്ളാം എന്നുമുള്ള തുറന്ന മുന്നറിയിപ്പാണത്. ആ തന്റേടത്തിന് മുന്നിലാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് തിരുത്തിയതും താന്‍ സഹായത്തിന് സന്നദ്ധത പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചത്. ഫലത്തില്‍, രാജ്യാന്തരരംഗത്ത് ഇന്ത്യയുടെ കരുത്ത് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായി ഈ വിവാദം. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥനായി താന്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യം പ്രകടിപ്പിച്ചെന്ന ട്രംപിന്റെ പ്രസ്താവനയാണ് പ്രകോപനമായത്. സെപ്തംബറില്‍ മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഈ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. അതിനുമുന്നോടിയായി അമേരിക്കയിലെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥനായി തനിക്ക് ഇടപെടാനായേക്കുമെന്നും താനുമായുള്ള ചര്‍ച്ചയില്‍ മോദി കശ്മീര്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയെന്നും താന്‍ ഇടപെടുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യന്‍ പ്രതിപക്ഷങ്ങള്‍ അത് ഏറ്റുപിടിച്ച് രംഗത്തിറങ്ങുകയും ചെയ്തു.
അചഞ്ചലമായ നിലപാടായിരുന്നു ഇന്ത്യയുടേത്. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യവകുപ്പ്, ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും പറഞ്ഞു. കശ്മീര്‍ ഇന്ത്യ-പാക്കിസ്ഥാന് വിഷയമാണ്. അമേരിക്കയോടു മോദി ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളിലും ഷിംല, ലഹോര്‍ കരാറുകളാണ് അടിസ്ഥാനമാക്കുന്നത്. ചര്‍ച്ച മുന്നോട്ടുപോകണമെങ്കില്ത്തന്നെ അതിര്‍ത്തികടന്നുള്ള ഭീകരവാദത്തില്‍നിന്ന് പാക്കിസ്ഥാന് പിന്മാറണം: വിദേശകാര്യവക്താവ് രവീഷ്കുമാര് വ്യക്തമാക്കി. ഈ നിലപാടിനുപിന്നാലെ വിശദീകരണവുമായി രംഗത്തുവന്ന അമേരിക്കന്‍ ഭരണകൂടവും ഏതാണ്ട് ഇത് അംഗീകരിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. കശ്മീര്‍പ്രശ്നം ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചര്‍ച്ചചെയ്യേണ്ടതെന്നും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിശദീകരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചിരിക്കാന്‍ തയാറായാല്‍ സഹായിക്കാന്‍ യുഎസ് തയ്യാറാണെന്നും വക്താവ് പറഞ്ഞു.
കശ്മീര്‍ പ്രശ്്നത്തിലെ ഇന്ത്യയുടെ ഉറച്ചനിലപാട് പാക്കിസ്ഥാനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ് ഈ സംഭവവികാസങ്ങള്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ താത്പര്യപ്രകാരമായിരിക്കാം ട്രംപിന്റെ ആദ്യനിലപാടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒരു മൂന്നാമനെ മധ്യസ്ഥനാക്കി രംഗത്തുകൊണ്ടുവരാന്‍ പാക്കിസ്ഥാന് നിര്‍ബന്ധിതമായിരിക്കുന്നു. ഇന്ത്യന്‍ നിലപാടാണ് ശരിയെന്ന് രാജ്യാന്തരസമൂഹം അംഗീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക്, വഴങ്ങാതെ നിവര്‍ത്തിയില്ലെന്ന നിലയില്‍ പാക്കിസ്ഥാന് തേടുന്ന പോംവഴിയായിവേണം ഇതിനെക്കാണാന്‍.
മോദി സഹായം അഭ്യര്‍ഥിച്ചെന്ന ട്രംപിന്റെ വെളിപ്പെടുത്തല്‍ അപക്വവും അമ്പരപ്പിക്കുന്നതുമാണെന്ന് യുഎസ് ജനപ്രതിനിധിയായ ബ്രാഡ് ഷെര്മാന്തന്നെ പറഞ്ഞത്, രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ വിലയെന്തെന്നു വ്യക്തമാക്കുന്നു. ലോകം അംഗീകരിച്ചാലും സ്വന്തം പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ ഇവിടുത്തെ പ്രതിപക്ഷം കാണിക്കുന്ന വിമുഖതയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷങ്ങളുടെ നിലപാടില്‍ തെളിഞ്ഞത്. വിഷയം പഠിക്കുന്നതിന് മുമ്പുതന്നെ, മോദി രാജ്യത്തെ വഞ്ചിച്ചെന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായത്. അതേസമയം, മോദി അത്തരമൊരു അഭ്യര്‍ഥന നടത്തുമെന്ന് കരുതാനാവില്ലെന്ന ശശിതരൂരിന്റെ നിലപാട് ആത്മാര്‍ഥമെങ്കില്‍ ശുഭസൂചനയാണ്. കാര്യങ്ങള്‍ പക്വതയോടെ കാണാന്‍ പ്രതിപക്ഷത്തും ചിലര്‍ക്കെങ്കിലും കഴിയുന്നു എന്ന സൂചന അതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: