അദ്ധ്യായം രണ്ട്
മൂന്നാം പാദം
ഇതില്‍ 17 അധികരണങ്ങളിലായി 53 സൂത്രങ്ങളുണ്ട്.
മറ്റ് സിദ്ധാന്തങ്ങളുടേയും മതങ്ങളുടേയും പോരായ്മകളെ കാണിക്കുകയും അവയെ നിഷേധിക്കുകയുമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലെ സൂത്രങ്ങളില്‍ കണ്ടത്.
ഈ പാദത്തില്‍ ഉപനിഷത്തുകളിലെ പരസ്പര വിരുദ്ധങ്ങളെന്ന് തോന്നുന്ന വാക്യങ്ങളെ വിശകലനം ചെയ്യുന്നു. കുറവുകളുണ്ടെന്ന് തോന്നുന്നവയെ പരിഹരിക്കുകയും ചെയ്യുന്നുണ്ട്.
സൂത്രം ന വിയദശ്രുതേ:
ആകാശം ഉണ്ടാകുന്നില്ല, എന്തെന്നാല്‍ അത് ശ്രുതിയില്‍ പറയുന്നില്ല എന്നതിനാല്‍ .
ഉപനിഷത്തുക്കളില്‍ വിരുദ്ധമായി പറയുന്നുവെന്ന് കരുതുന്ന വാക്യങ്ങള്‍ക്ക് ഉള്ള സമാധാനമാണ് പറയാന്‍ തുടങ്ങുന്നത്. ആദ്യം
അവയുടെ വിരോധത്തെ കണ്ട് പിന്നെ പരിഹരിക്കലാണ് ചെയ്യുന്നത്. ആദ്യം ആകാശത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ടവ ചര്‍ച്ച ചെയ്യുന്നു.ആകാശം ഉണ്ടായിട്ടില്ല, അത് നിത്യമാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. അതിനാല്‍ അതിന്റെ സൃഷ്ടിയെപ്പറ്റി പറയുന്നുമില്ല.ഛാന്ദോഗ്യത്തില്‍ ‘സദേവ സൗമ്യ ഇദമഗ്ര ആസീദേക മേവാ ദ്വിതീയം……… തത്തേജോ /സൃജത’ എന്നതില്‍ ആദ്യമുണ്ടായത് അഗ്നിയാണെന്ന് പറയുന്നു. ആകാശവും വായുവും കണ്ണിന് കാണാനാവാത്തതിനാല്‍ സൃഷ്ടിയില്‍ ഉള്‍പ്പെടുത്തുന്നില്ല. അഗ്നി, ജലം, പൃഥ്വി എന്നീ ഭൂതങ്ങളെ മാത്രമേ പറയുന്നുള്ളൂ .അതിനാല്‍ അവയെ സൃഷ്ടിച്ചതായി പറയുന്നു. ശ്രുതി പറയാത്തതിനാല്‍ ആകാശം സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് അവര്‍ വാദിക്കുന്നു.
സൂത്രം അസ്തിതു
എന്നാല്‍ ആകാശം ഉണ്ടായതിനെക്കുറിച്ചും ശ്രുതിയിലുണ്ട്.ഛാന്ദോഗ്യത്തില്‍ അഗ്നിയെ ആദ്യം സൃഷ്ടിച്ചു എന്നാണെങ്കില്‍ തൈത്തിരീയത്തില്‍ ആകാശമാണ് ആദ്യം.
സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന് ബ്രഹ്മത്തിന്റെ ലക്ഷണം പറഞ്ഞ് ‘തസ്മാദ്വാ ആത്മന ആകാശ: സംഭൂത: ‘ ആ ആത്മാവിന് നിന്ന് ആദ്യം ആകാശമുണ്ടായി എന്ന് പറയുന്നു.ഇങ്ങനെ രണ്ട് ഉപനിഷത്തുക്കളില്‍ രണ്ടു തരത്തില്‍ കാണുമ്പോള്‍ എതിനെ പ്രമാണമായി സ്വീകരിക്കണമെന്ന് സംശയമുണ്ടാകും.
തൈത്തിരീയത്തില്‍ ആകാശത്തില്‍ നിന്ന് വായുവും വായുവില്‍ നിന്ന് അഗ്നിയും ഉണ്ടായി എന്നാണ്. എന്നാല്‍ ഛാന്ദോഗ്യത്തില്‍ ആദ്യം ഉണ്ടായത് അഗ്നിയാണ്. ആകാശത്തിനും വായുവിനും ഉത്പത്തിയും നാശവും ഇല്ല എന്നും പറയുന്നു. പൂര്‍വപക്ഷ വാദം തുടരുകയാണ് അടുത്ത സൂത്രത്തിലും.
സൂത്രം ഗൗണ്യസംഭവാത്
ആകാശത്തിന്റെ ഉത്പത്തി നടക്കാത്തതിനാല്‍ അത് ഗൗണം അഥവാ അപ്രധാനമായി കരുതണം.
അവയവങ്ങളില്ലാത്തതും സര്വവ്യാപിയുമായതാണ് ആകാശം. അതിനെ സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ അത് ശരിയല്ല എന്ന് പൂര്‍വപക്ഷം പായുന്നു. ആകാശം എന്നാല്‍ ഇടം എന്നാണ് അര്‍ത്ഥം മറ്റുള്ളവയ്ക്ക് നിലനില്‍ക്കാനുള്ള ഇടം. ആകാശത്തിന്റെ സൃഷ്ടിയ്ക്കു മുമ്പ് ഇടമുണ്ടായിരുന്നില്ല എന്നു പറഞ്ഞാ ല്‍ ശരിയാകില്ല.
അതിനാല്‍ ഛാന്ദോഗ്യത്തിലെ മന്ത്രത്തെ സ്വീകരിക്കാമെന്ന് ഇവര്‍ പറയുന്നു. ആകാശമുണ്ടായി എന്ന് തൈത്തിരീയത്തില്‍ പറയുന്നതിനെ ഗൗണമായി സ്വീകരിച്ചാല്‍ മതി. അല്ലെങ്കില്‍ ആലങ്കാരികമായി പറയുന്നതായി കാണണമെന്നാണ് പൂര്‍വപക്ഷ അഭിപ്രായം.ഇവയെ വിശകലനം ചെയ്ത് തുടര്‍ന്ന് വരുന്ന സൂത്രങ്ങളില്‍ മറുപടി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: