ലണ്ടന്‍: ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി ലണ്ടനിലെ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരേസ മേയുടെ രാജിക്കു പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ടിനെ തോല്‍പ്പിച്ചാണ് ബോറിസ് ഒന്നാമത് എത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1.6 ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. ബ്രെക്സിറ്റില്‍ തീരുമാനമുണ്ടാക്കുക മാത്രമായിരിക്കില്ല പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന വെല്ലുവിളി. ബ്രെക്സിറ്റിലെ അനിശ്ചിതാവസ്ഥയാണ് തെരെസ മേയെ രാജിയിലെക്ക് നയിച്ചതെങ്കില്‍ പുതിയ നേതാവിനെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി എണ്ണകപ്പല്‍ പ്രതിസന്ധിയാണ്. ഇറാനെതിരെ നീങ്ങാന്‍ അന്താരാഷ്‌ട്ര സഹകരണം തേടുന്ന ബ്രിട്ടന് സാഹചര്യങ്ങള്‍ അനുകൂലമല്ല.
1964ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ബോറിസിന്റെ ജനനം. ഓക്‌സ്ഫഡിലടക്കം പഠനം പൂര്‍ത്തീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്റെ ബ്രസല്‍സ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരം കൊള്ളിക്കുന്നതായിരുന്നു ബോറിസിന്റേതായി പുറത്തുവന്ന ലേഖനങ്ങള്‍. 1994ല്‍ ടെലിഗ്രാഫിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1999ല്‍ ദി സ്‌പെക്ടേറ്ററില്‍ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അതിനിടെ 2001ല്‍ ഹെന്‍ലിയില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2008 മുതല്‍ 2016 വരെ ലണ്ടന്‍ മേയറായി.
















