തിരുവനന്തപുരം: കണ്ണമ്മ വീണ്ടും കേട്ടു ‘ഭാര്‍ഗവി’യുടെ ശബ്ദം. ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ അനശ്വര കഥാപാത്രം ഭാര്‍ഗവി എന്ന യക്ഷിക്ക് ശബ്ദം നല്‍കിയ സുഭദ്രാമ്മ (കണ്ണമ്മ) വര്‍ഷങ്ങള്‍ക്കുശേഷം ആ ശബ്ദം റേഡിയോയിലൂടെ വീണ്ടും കേട്ടപ്പോള്‍ ആ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു.
പിന്നെ ഓര്‍മകള്‍ അരനൂറ്റാണ്ടിനും അപ്പുറത്തേക്ക്. ആകാശവാണിയുടെ ശബ്ദരേഖയിലാണ് സിനിമയില്‍ പ്രേംനസീറും വിജയനിര്‍മലയും തമ്മിലുള്ള സംഭാഷണമുണ്ടായിരുന്നത്. പ്രേംനസീര്‍ സുഹൃദ് സമിതി സത്യന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച നടി വിജയനിര്‍മലയുടെ അനുസ്മരണച്ചടങ്ങില്‍ അന്ന് സിനിമയില്‍ യക്ഷിക്ക് ശബ്ദം നല്‍കിയ സുഭദ്രാമ്മയെ കൊണ്ടുതന്നെ റേഡിയോ ഓണ്‍ ചെയ്യിച്ച് ആ ശബ്ദം ഒരിക്കല്‍ കൂടി കേള്‍പ്പിക്കുകയായിരുന്നു. 55 കൊല്ലം മുമ്പ് പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയത്തില്‍’ വിജയനിര്‍മല അവതരിപ്പിച്ച യക്ഷിക്ക് ശബ്ദം നല്‍കിയത് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ സി.എസ്. സുഭദ്രാമ്മയായിരുന്നു. വേദിയില്‍ തയാറാക്കിയ റേഡിയോയിലൂടെ ആകാശവാണിയില്‍ പരിപാടി ആരംഭിക്കുന്ന രീതിയില്‍ ഈണവും പിന്നാലെ ശബ്ദരേഖയും കേട്ടപ്പോള്‍ സദസ്സ് കരഘോഷം മുഴക്കി.
പ്രേംനസീര്‍ സുഹൃദ് സമിതിയുടെ പ്രതിമാസസംഗമത്തിന്റെ ഭാഗമായാണ് ഈ വേറിട്ട പരിപാടി അരങ്ങേറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അനുസ്മരണം ഉദ്ഘാടനം ചെയ്തു. സുഭദ്രാമ്മ, ഭര്‍ത്താവ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍നായര്‍, മകളുടെ ഭര്‍ത്താവ് കൂടിയായ ആകാശവാണിയില്‍നിന്ന് വിരമിച്ച എസ്. രാജശേഖരന്‍, ജീവകാരുണ്യപ്രവര്‍ത്തകനായ ശിവന്‍കുട്ടി എന്നിവരെ ഡെപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു.
എം. വിന്‍സെന്റ് എംഎല്‍എ അധ്യക്ഷനായി. ടി.പി. ശാസ്തമംഗലം വിജയനിര്‍മല അനുസ്മരണപ്രസംഗം നടത്തി. പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, എം.എം. സുബൈര്‍, പ്രേംനസീര്‍ സുഹൃദ് സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, ഭാരവാഹികളായ കലാപ്രേമി ബഷീര്‍ ബാബു, പനച്ചമൂട് ഷാജഹാന്‍, ഡോ. വാഴമുട്ടം ചന്ദ്രബാബു, ഗോപന്‍ ശാസ്തമംഗലം എന്നിവര്‍ സംസാാരിച്ചു.
















