ഉത്പത്ത്യസംഭവാധികരണം
എട്ടാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. പഞ്ചരാത്ര മതത്തിന്റെ വാദങ്ങളെ നിഷേധിക്കുകയാണ് ഇതില്‍.
സൂത്രം ഉത്പത്ത്യസംഭവാത്
ജീവന് ഉത്പത്തി സംഭവിക്കാത്തതിനാല്‍ പഞ്ചരാത്ര മതം ശരിയല്ല.
പഞ്ചരാത്ര സിദ്ധാന്തമനുസരിച്ച് പരമകാരണവും പരമാത്മാവുമായ വാസുദേവനില്‍ നിന്ന് സങ്കര്‍ഷണന്‍ എന്ന ജീവന്‍ ഉണ്ടാകുന്നു. സങ്കര്‍ഷണനില്‍ നിന്ന് പ്രദ്യുമ്‌നന്‍ എന്ന മനസ്സും പ്രദ്യുമ്‌നനില്‍ നിന്ന് അനിരുദ്ധന്‍ എന്ന അഹങ്കാരവും ഉണ്ടാകുന്നു. ജഗത്തിന് അടിസ്ഥാന കാരണം അതാണ് എന്ന് അവര്‍ വാദിക്കുന്നു.
ഇതിനെ നിഷേധിക്കുകയാണ് സൂത്രത്തില്‍. ജീവന് ഉല്‍പ്പത്തിയുണ്ടായി എന്ന് പറയുന്നത് തന്നെ ശരിയല്ല. ജീവന് ജനന മരണങ്ങളില്ല.
പിന്നെ എങ്ങനെയാണ് അതില്‍ നിന്ന് മനസ്സും അഹങ്കാരവും ഉണ്ടാവുക? ഭാഗവത പഞ്ചരാത്രാദി ഭക്തി ശാസ്ത്രങ്ങളുടെ സിദ്ധാന്തമനുസരിച്ച് പരമാത്മാവായ വാസുദേവനാണ് ജഗത്തിന്റെ നിമിത്ത കാരണവും ഉപാദാനകാരണവും. ഇത് ശ്രുതി സമ്മതമാണ്. എന്നാല്‍ ആ വാസുദേവനില്‍ നിന്ന് ജീവനും മനസ്സും അഹങ്കാരവും ഉണ്ടായി എന്ന് പറയുന്നത് ശരിയാവുന്നില്ല. ജീവന് ഉല്‍പത്തിയും നാശവുമില്ല എന്ന് ശ്രുതി പറയുന്നു. ജീവന്‍ നിത്യനാണ്. അല്ലാതെ പറയുന്നതൊക്കെ വേദ വിരുദ്ധമാകും.
വാസുദേവന്‍ തന്റെ സ്വരൂപത്തെ നാലായി തിരിച്ച് നാല് വ്യൂഹങ്ങളായിത്തീരുന്നു. വാസുദേവ വ്യൂഹം പരാ പ്രകൃതിയും സങ്കര്‍ഷണ, പ്രദ്യുമ്‌ന, അനിരുദ്ധവ്യൂഹങ്ങള്‍ അതിന്റെ ഭിന്ന ഭാവങ്ങളെന്നും കരുതണം. അവയെ ജീവന്‍, മനസ്സ്, അഹങ്കാരം എന്ന് വിളിക്കുന്നു. ഇങ്ങനെ വാസുദേവനെന്ന പരമാത്മാവിനെ ജഗത്തിന്റെ നിമിത്ത, ഉപാദാന കാരണമായി കല്‍പ്പിക്കുന്നത് വേദ സമ്മതമാണ്.
പഞ്ചരാത്ര സിദ്ധാന്തം ഇത്തരത്തില്‍ പറയാത്തതിനാലാണ് വേദ വിരുദ്ധമാകുന്നത്.
സൂത്രം ന ച കര്‍ത്തു: കരണം
കര്‍ത്താവില്‍ നിന്ന് ഉപകരണം ഉണ്ടാവുകയുമില്ല.
പ്രവൃത്തിയെടുക്കുന്നവരില്‍ നിന്ന് അതിന് വേണ്ട ഉപകരണം ഉണ്ടാകില്ല. മരം വെട്ടുകാരനായ ഒരാളില്‍ നിന്ന് വെട്ടിമുറിക്കാനുള്ള കോടാലി ഉണ്ടാകുമോ?
കര്‍ത്താവായ ജീവനില്‍ നിന്ന് കരണമായ മനസ്സ് ഉണ്ടാകുമെന്നത് യുക്തിക്ക് നിരക്കാത്തതാണ്. കര്‍ത്താവായ മനസ്സില്‍ നിന്ന് അഹങ്കാരം ജനിച്ചുവെന്നതും ശരിയല്ല ആതിനാല്‍ അവരുടെ പഞ്ചരാത്രം സിദ്ധാന്തം അംഗീകരിക്കാനാവില്ല.
സൂത്രം വിജ്ഞാനാദിഭാവേ വാ തദപ്രതിഷേധ:
വിജ്ഞാനം മുതലായ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഉത്പത്തിയെന്ന ദോഷം ഇല്ലെന്നും വരില്ല. സങ്കര്‍ഷണന്‍ തുടങ്ങിയവര്‍ക്ക് വാസുദേവനെപ്പോലെ ജ്ഞാനം ഐശ്വര്യം മുതലായ ഗുണങ്ങള്‍ ഉണ്ടെന്ന് വന്നാലും ഉത്പത്തി സാധ്യമല്ല എന്നറിയണം.
സങ്കര്‍ഷണന്‍ മുതലായവര്‍ ജീവന്‍മാരല്ല. അവര്‍ ഈശ്വരന്‍മാരാണ്. അവര്‍ക്ക് ജ്ഞാനം, ഐശ്വര്യം, ശക്തി, ബലം, വീര്യം, യശസ്സ് എന്നീ ഈശ്വര ഗുണങ്ങളുണ്ട്.
എന്നാല്‍ ഒരേ ഈശ്വരന്‍ സര്‍വ്വശക്തനായി ഉള്ളപ്പോള്‍ മറ്റ് ഈശ്വരന്‍മാരുടെ ആവശ്യം എന്താണ് എന്ന് ചോദ്യമുണ്ടായേക്കാം. തുല്യ ധര്‍മ്മമാണെങ്കിലും ഇവര്‍ വേറിട്ടിക്കുന്നതിലും പ്രശ്‌നമുണ്ട്. ഏകനായ വാസുദേവന്‍ മാത്രം പരമ തത്ത്വം എന്നതാണ് ഭാഗവത സിദ്ധാന്തം. അപ്പോള്‍ മറ്റുള്ളവര്‍ പിന്നീട് ഉണ്ടായി എന്ന് പറയേണ്ടി വരും. ഉല്‍പ്പത്തി ദോഷത്തിന് പരിഹാരം കാണാനാകില്ല. പഞ്ചരാത്രക്കാരുടെ ഉത്പത്തി ക്രമം സ്വീകരിക്കാനാവില്ല.
അവതാര സമയത്ത് ലോക അനുഗ്രഹത്തിന് ചതുര്‍വ്യൂഹങ്ങളായി പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്നതാകും നല്ലത്.
സൂത്രം വിപ്രതിഷേധാച്ച
പലതരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ പഞ്ചരാത്രന്‍മാരുടെ കല്പന ശരിയല്ല.
പഞ്ചരാത്രശാസ്ത്രത്തില്‍ പലതരത്തിലുള്ള വൈരുദ്ധ്യങ്ങളുമുണ്ട്. പരമാത്മാവ് നിര്‍ഗുണനാണ് പക്ഷേ ഇവര്‍ പരമാത്മാവ് എന്ന് പറയുന്ന വാസുദേവന്‍ ഐശ്വര്യം മുതലായ ഗുണങ്ങളുള്ളവനാണ്.
ഇതെങ്ങനെ ശരിയാകും? വേദവിരുദ്ധമാണ് ഇതെല്ലാം. നാല് വേദങ്ങളിലും ശ്രേയസ്സ് കാണാതെ ശാണ്ഡില്യന്‍ ഈ ശാസ്ത്രത്തെ ഉണ്ടാക്കി എന്നാണ്. അതു കൊണ്ട് തന്നെ വേദത്തിന് എതിരാണ് പഞ്ചരാത്ര വാദം. അതിനാല്‍ തള്ളേണ്ടതാണ്.
രണ്ടാമദ്ധ്യായം രണ്ടാം പാദം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: