“നിത്യവും ചെയ്യുന്ന
കര്‍മ്മഗുണഫലം
കര്‍ത്തൊവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ
വരൂ”” (അയോദ്ധ്യാകാണ്ഡം)
എന്ന് സ്വന്തം ഭാര്യയും കുട്ടികളും പറഞ്ഞ വാക്കുകളിലെ ആശയങ്ങള്‍ കാട്ടാളവൃത്തികളില്‍ കഴിഞ്ഞിരുന്ന രത്‌നാകരന്റെ കണ്ണു തുറപ്പിക്കുന്നതായിരുന്നു.
ജന്മനാ കാട്ടാളനായി ദുഷ്ടവൃത്തികളില്‍ കഴിയുകയായിരുന്നു രത്‌നാകരന്‍. വനത്തിലൂടെ സഞ്ചരിക്കുന്ന സജ്ജനങ്ങളെയും ജപധ്യാനാദി സാധനകളില്‍ മുഴുകി കഴിഞ്ഞിരുന്ന മുനിമാരെയും തടഞ്ഞുനിര്‍ത്തി ധനങ്ങളും മറ്റും പിടിച്ചുപറിക്കുന്നവനായിരുന്നു രത്‌നാകരന്‍.
ഒരിക്കല്‍ മദ്ധ്യാഹനസൂര്യന്റെ കാന്തിയെ വെല്ലുന്ന തേജസ്സോടെ സപ്തമുനിമാര്‍ വരുന്നതുകണ്ട് അവരുടെ നേരെ വേഗത്തില്‍ പാഞ്ഞടുക്കുകയും അവരെ തടഞ്ഞുനിര്‍ത്തി വസ്ത്രാദികള്‍ കവര്‍ന്നെടുക്കുകയും ചെയ്തു. ആളൊഴിഞ്ഞ ആ ഘോരവനത്തില്‍ രത്‌നാകരനാല്‍ പിടിച്ചപറിക്കപ്പെട്ട അവര്‍ രത്‌നാകരനോട് ‘തിഷ്ട തിഷ്ട’ (നില്‍ക്കൂ, നില്‍ക്കൂ. ഇവിടെ നീ എന്താണ് ചെയ്യാന്‍ പോകുന്നത്?) എന്ന് ചോദിച്ചു.
ഭാര്യയെയും കുട്ടികളെയും പോറ്റി വളര്‍ത്തുന്നതിനുവേണ്ടിയാണ് വഴിപോക്കരിലൂടെ നിത്യവും പിടിച്ചുപറിയിലേര്‍പ്പെട്ടിരിക്കുന്നതെന്നു പറഞ്ഞു.
അതുകൊണ്ട്, വീട്ടില്‍ പോയി ഇതിന്റെ ഫലത്തിന്റെ ഭാഗം അവര്‍ അനുഭവിക്കുമോ എന്ന് ചോദിച്ചുവരാനും അതുവരെ ഞങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാമെന്നും പറഞ്ഞു. തിരികെ വന്നത് അവരില്‍നിന്നും ലഭിച്ച മറുപടി ശ്രവിച്ചുകൊണ്ടായിരുന്നു. അതില്‍ മേല്‍പ്പറഞ്ഞ വരികളിലൂടെ അവര്‍ പറഞ്ഞത്. അനന്തരം രത്‌നാകരന്‍ സപ്തര്‍ഷിമാരുടെ അടുത്തെത്തി അവരെ പ്രണമിച്ചുകൊണ്ട് കാര്യങ്ങളെല്ലാമുണര്‍ത്തിച്ച് ക്ഷമാപണം ചെയ്യുകയുണ്ടായി. നിത്യവും ‘മരാ മരാ’ എന്ന് ജപിക്കാന്‍ അക്ഷരങ്ങള്‍ തിരിച്ചുപദേശിക്കുകയും ചെയ്തു. അപ്രകാരം ദീര്‍ഘകാലം തപോവൃത്തിയില്‍ കഴിഞ്ഞ രത്‌നാകരന്‍ ദേഹോഹം ബുദ്ധി നശിച്ച് വല്‍മീകങ്ങളാല്‍ (ചിതല്‍പ്പുറ്റുകളാല്‍) മൂടപ്പെട്ടു. അതില്‍നിന്നും തികഞ്ഞ ഒരു വിജ്ഞാനിയായിട്ടായിരുന്നു രത്‌നാകരന്‍ പുറത്തുവന്നത്. അതോടെ രത്‌നാകരന്‍ വാല്‍മീകി മഹര്‍ഷിയായി അറിയപ്പെടാന്‍ തുടങ്ങി.
സ്വതവേ ശുദ്ധമായ അന്തഃകരണം അജ്ഞാനാവരണങ്ങളാല്‍ മൂടപ്പെട്ടാല്‍ അത് ചിന്തകളിലും കര്‍മ്മങ്ങളിലും പ്രതിഫലിക്കും. മായാവലയത്തിന്റെ തീക്ഷ്ണതയനുസരിച്ച് അജ്ഞാനാവരണം നീങ്ങാനുള്ള പ്രയത്‌നങ്ങള്‍ക്കും പരിശ്രമവും ദൈര്‍ഘ്യവുമേറും. ഇവിടെ സാഹചര്യങ്ങളെക്കൊണ്ട് ദുഷ്പ്രവൃത്തിയിലകപ്പെട്ടുപോയ രത്‌നാകരന് സപ്തര്‍ഷിമാരുടെ സാമീപ്യം-സത്സംഗം ജീവിതമാകെ മാറ്റിമറിച്ച് നേര്‍വഴിക്ക് സഞ്ചരിച്ച് ലക്ഷ്യം നേടാന്‍ സഹായകമായി.
















