കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശദീകരണം സിറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ആലഞ്ചേരിയെ എതിര്‍ക്കുന്ന മെത്രാന്മാരുള്‍പ്പെടെ നടത്തിയ ഉപവാസ സമരം പ്രശ്‌നപരിഹാരത്തിനുള്ള അവസരം തുറന്നാണ് അവസാനിച്ചത്. എന്നാല്‍, ഇന്നലെ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയില്‍ ആലഞ്ചേരി നടത്തിയ പരാമര്‍ശവും വിശദീകരണവും പുറത്തായതോടെ പ്രശ്‌നങ്ങള്‍ പഴയപടിയായി.
‘കോലം കത്തിക്കല്‍ രാഷ്‌ട്രീയ പരിപാടിയായിപ്പോയി. സത്യവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ല. സമരത്തിന് പാതിരിമാരെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ല. സമരം ചെയ്തവര്‍ക്ക് മറുപടി നല്‍കാത്തത് സഭയെ ഓര്‍ത്താണ്. അവര്‍ക്ക് മറുപടി നല്‍കിയാല്‍ സഭ തകരും,’ എന്നാണ് ആലഞ്ചേരി വിശദീകരിച്ചത്. യോഗത്തില്‍ പറഞ്ഞത് പകര്‍ത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ കര്‍ദിനാള്‍ വിരുദ്ധ പക്ഷം പ്രതികരിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് എന്ന രാഷ്‌ട്രീയ കാര്യങ്ങളിലിടപെടുന്ന സംഘടനാ ഭാരവാഹികളുമായാണ് കര്‍ദിനാള്‍ സംസാരിച്ചത്. കഴിഞ്ഞ ദിവസം, ഉപവാസ സമരം നടത്തിയവരുമായുള്ള സമാധാന ചര്‍ച്ചയില്‍ ആലഞ്ചേരിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതും കര്‍ദിനാളിന്റെ ഈ പ്രതികരണത്തിന് കാരണമായി. ആലഞ്ചേരിയാണ് രാഷ്‌ട്രീയം കളിക്കുന്നതെന്ന് എതിര്‍പക്ഷം പറയുന്നു.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുമായി കൂടിക്കാഴ്ച. സഭയെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഭൗതിക വസ്തുക്കളും അനിവാര്യമാണ്. അവയുടെ സംരക്ഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. ഒരു കാര്യത്തിലും എന്റെ ഭാഗത്തുനിന്ന് മനപ്പൂര്‍വമായ ഒരു വീഴ്ചയില്ല. കോടതി വ്യവഹാരങ്ങളും പ്രതിഷേധങ്ങളുമെല്ലാം സഭയ്‌ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ യഥാസമയം മനസിലാക്കണം. എനിക്ക് പറയാനുള്ളത് സിനഡിനെ അറിയിക്കും. സിനഡ് ശരിയായ നടപടി കൈക്കൊള്ളും, ആലഞ്ചേരിയുടെ വിശദീകരണം തുടരുന്നു.
എന്നാല്‍, ഈ വിശദീകരണങ്ങള്‍, കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തനിക്ക് സ്വീകാര്യമല്ലെന്ന പരോക്ഷ പ്രസ്താവനയാണെന്ന് ആലഞ്ചേരി വിരുദ്ധ വിഭാഗം കരുതുന്നു. സഭയെ പിളര്‍ത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് വിശ്വാസികള്‍ക്ക് വ്യക്തമാകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
















