രാമായണത്തില്‍ ശ്രീരാമനും ലക്ഷ്മണനും ഹനുമാനും തുടങ്ങി നിരവധി ആദര്‍ശ കഥാപാത്രങ്ങള്‍ ഉണ്ട്. അവരെ ഏവരും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ അരുതാത്തത് ചെയ്ത് ദുര്‍ഗതിയെ പ്രാപിച്ച രാവണന്റെ പ്രവൃത്തിയും നമുക്ക് പാഠങ്ങള്‍ നല്കുന്നില്ലേ, ദുഷ്‌കര്‍മ്മങ്ങളില്‍നിന്നൂം പിന്തിരിയാനുള്ള പ്രേരണ.
ജന്മം കൊണ്ടു രാക്ഷസനായ രാവണന്‍ കര്‍മ്മം കൊണ്ടും അതിക്രൂരനായിരുന്നു. എന്നാല്‍ ശാസ്ത്രങ്ങള്‍ പലതും പഠിച്ചുട്ടുമുണ്ട്. തപസ്സിലൂടെ വരങ്ങള്‍ നേടിയിട്ടുമുണ്ട്. അഹങ്കാരവും ദുരാഗ്രഹവും കൈവിട്ടിട്ടില്ലാത്ത രാവണന്റെ പ്രവൃത്തികള്‍ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സജ്ജനങ്ങള്‍ക്ക് ഒരു ഭാരം തന്നെയായിരുന്നു.
ശാസ്ത്രസത്യം കൊണ്ടുള്ള വിനയവും കാമലോപവും ഒട്ടുമേ തൊട്ടുതീണ്ടിയിട്ടില്ലാത്ത രാവണന്‍ അതീവ സുന്ദരിയായ രാമപത്‌നിയെത്തന്നെ സ്വന്തമാക്കാന്‍ നിശ്ചയിച്ചു. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ സാധിക്കാത്ത രാവണന്‍ മാരീചന്റെ സഹായത്തോടെ മായാവലയത്തിലകപ്പെടുത്തി സീതാദേവിയെ ഹരിക്കുകയും ചെയ്തു. പിന്നീട് അതിന്റെ പേരില്‍ ധര്‍മ്മമൂര്‍ത്തിയായ രാമനോടുപോലും യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നു. കാമത്താലും അഹങ്കാരത്താലും കണ്ണുകാണാത്ത അവസ്ഥയുടെ പരിണതഫലം സ്വയം നാശത്തിന്റെ ഗതിയിലകപ്പെടുകയായിരുന്നു.
അവതാരവരിഷ്ഠനായ ശ്രീരാമന്റെയും മറ്റും അപദാനങ്ങള്‍ വാഴ്‌ത്തുമ്പോഴും ദുര മൂത്ത രാക്ഷസന്മാര്‍ അവരുടെ ദുഷ്‌കര്‍മ്മങ്ങളുടെ ഫലമായി അനുഭവിച്ച കാര്യങ്ങളും നമുക്ക് അപഗ്രഥിക്കാവുന്നതാണ്. രാവണന്റെ ജന്മവും പ്രവൃത്തികളും അതില്‍നിന്നനുഭവിച്ച കര്‍മ്മഫലവും സമൂഹത്തിന് ഒരു പാഠമാണ്. സദ്പ്രവൃത്തികള്‍ ചെയ്യുന്നതുപോലെ പ്രാധാന്യമുള്ളതാണ് ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നുതും എന്ന് നാം മനസ്സിലാക്കണം.
















