തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ആക്രമണം ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കു നേരേ സൈബര്‍ സഖാക്കളുടെ തെറി അഭിഷേകവും ഭീഷണിയും. ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണ കുറുപ്പിനാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നു ഫെയ്‌സ്ബുക്കിലൂടെ അസഭ്യവര്‍ഷത്തിന് ഇരയാകേണ്ടി വന്നത്. ചാനലിലെ പ്രൈം ടൈം ചര്‍ച്ചയില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം സംബന്ധിച്ച ചര്‍ച്ച നയിച്ചത് അപര്‍ണ കുറുപ്പായിരുന്നു. ഇതാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട അടുത്തടത്തു ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയുടെ പേരിലാണ് അപര്‍ണയെ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും സൈബര്‍ പോരാളികള്‍ ഫെയ്സ്ബുക്കില്‍ തെറികൊണ്ട് അഭിഷേകം ചെയ്തത്. തനിക്കെതിരായി സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന അശ്ലീല ആക്രമണത്തെക്കുറിച്ച് അപര്‍ണ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതാണോ സിപിഎമ്മിന്റെ വനിത നവോത്ഥാനവും പുരോഗമനവും എന്നു ചോദിച്ച് അപര്‍ണ തന്നെയാണ് തനിക്കു നേരിട്ട സൈബര്‍ ആക്രമണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പോസ്റ്റ് ചെയ്തത്. ലൈംഗികച്ചുവയോട് കേട്ടാല്‍ അറയ്‌ക്കുന്ന തെറികളാണ് സഖാക്കള്‍ അപര്‍ണയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. സ്ത്രീ സമത്വം ആഹ്വാനം ചെയ്യുന്ന പാര്‍ട്ടിയുടെ അണികളില്‍ നിന്ന് ഉണ്ടാകുന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണ്. അപര്‍ണയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം- ഇത് വനിതാ നവോത്ഥാനവും പുരോഗമനവും മുറുകെപ്പിടിക്കുന്ന ഒരു സംഘടനയുടെ യഥാര്‍ത്ഥ അണികളുടെ വകയാണോ? സിപിഎമ്മിന്റേയും എസ്എഫ്‌ഐയുടേയും പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും കേട്ടാലറയ്‌ക്കുന്ന ഭള്ള് വിളിക്കുന്ന ഈ സൈബര്‍ വെട്ടുക്കിളികള്‍ എങ്ങനെയാണ് സംഘടനയ്‌ക്ക് മുതല്‍ക്കൂട്ടാകുന്നത് എന്ന് സൈബര്‍ ഇടത് ടീമുകള്‍ കൂടി ഒന്നാലോചിച്ചാല്‍ നല്ലത്. പിന്നെ , മിണ്ടാതിരിക്കെടീ , എന്ന് പറഞ്ഞ് ഒക്കെ പേടിപ്പിക്കാന്‍ ഇതൊരു കോളേജ് ക്യാംപസല്ലെന്ന് കൂടി അങ്ങറിയിച്ചേക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെ വിഷയം ചര്‍ച്ച ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ നേരത്തേയിും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്താന്‍ പുറത്തിറങ്ങില്ലെന്ന തരത്തിലുള്ള ഭീഷണികളും മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്നു.
















