മദിരാശിയില്‍നിന്ന് മാനസരോവരത്തിലേക്ക് തീര്‍ഥാടനത്തിന് ഇറങ്ങിയതായിരുന്നു സ്വാമി വിജയാനന്ദ്. യാത്രക്കിടയിലാണ് അദ്ദേഹം ഷിര്‍ദിയിലെ ബാബയെക്കുറിച്ച് അറിഞ്ഞത്. എങ്കില്‍ ബാബയെ സന്ദര്‍ശിച്ചാവാം മാനസരോവറിലേക്കുള്ള തുടര്‍യാത്രയെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഷിര്‍ദിയിലെത്തി.
അവിടെ വെച്ച് ഹരിദ്വാറില്‍ നിന്നെത്തിയ സോമദേവജി സ്വാമിയെ അദ്ദേഹം പരിചയപ്പെട്ടു. മാനസരോവര്‍ യാത്രയെക്കുറിച്ച് സോമദേവജിയോട് കൂടുതല്‍കാര്യങ്ങള്‍ആരാഞ്ഞു. ഗംഗോത്രയില്‍ നിന്ന് 500 മൈല്‍ ഉയരത്തിലാണ് മാനസരോവര്‍. അവിടേക്കുള്ള യാത്ര ഏറെ ശ്രമകരമാണെന്നും സോമദേവജി പറഞ്ഞു. യാത്രയിലുടനീളം മഞ്ഞുവീഴ്ചയുണ്ടാകും. വഴിയില്‍ തിബറ്റന്‍ സ്വദേശികള്‍ യാത്രക്കാരെ പലതരത്തില്‍ ചൂഷണം ചെയ്യും. ഇങ്ങനെ യാത്രയില്‍ നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളോരോന്നും അറിഞ്ഞതോടെ വിജയാനന്ദ സ്വാമി മാനസരോവറിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഷിര്‍ദിയിലെത്തിയിരുന്നെങ്കിലും ബാബയെ അദ്ദേഹം ദര്‍ശിച്ചിരുന്നില്ല. നേരെ ബാബയുടെ അരികിലേക്ക് പോയി. കാല്‍ക്കല്‍ നമസ്‌ക്കരിക്കാന്‍ തുടങ്ങിയതേയുള്ളൂ , ബാബ കോപത്താല്‍ അട്ടഹസിച്ചു.” ഒന്നിനും കൊള്ളാത്ത ഈ സംന്യാസിയെ പിടിച്ച് പുറത്താക്കൂ. ഇയാളിതെന്തൊരു സംന്യാസിയാണ്?” പരിഹാസവും കോപവും നിറഞ്ഞ സ്വരത്തില്‍ ബാബ പറഞ്ഞതു കേട്ട് വിജയാനന്ദ സ്വാമി വിഷണ്ണനായി നിന്നു. എങ്കിലും അദ്ദേഹത്തിന് അവിടെ നിന്ന് പോകാന്‍ തോന്നിയില്ല. പ്രഭാത ആരതി കഴിഞ്ഞ സമായമായിരുന്നു അത്. ദ്വാരകാമായി ഭക്തരാല്‍ നിറഞ്ഞിരുന്നു. അവിടെ നടക്കുന്നതെല്ലാം കണ്ട് അദ്ദേഹം മാറിയിരുന്നു. ബാബയോടുള്ള ഭക്തിപ്രകടനത്തിലെ വൈവിധ്യങ്ങള്‍ സ്വാമി കൗതുകത്തോടെ വീക്ഷിച്ചു.
ചിലര്‍ ബാബയുടെ കാല്‍ കഴുകുന്നു. മറ്റുചിലര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നിന്നിറങ്ങുന്ന ദിവ്യ തീര്‍ഥം അമൃതു പോലെ പാനം ചെയ്യുന്നു. കണ്ണുകള്‍ തൃപ്പാദങ്ങളോട് ചേര്‍ത്തു വെച്ച് സായൂജ്യമടയുന്നവര്‍. ബാബയുടെ ദേഹത്ത് ചന്ദനവും സുഗന്ധവും ലേപനം ചെയ്യുന്നവരുണ്ട്. ജാതിഭേദമില്ലാതെ നിറയുന്ന പുരുഷാരം നോക്കി അദ്ദേഹം അത്ഭുതപ്പെട്ടു. തന്നോട് അസ്വാരസ്യത്തോടെയാണ് പെരുമാറിയതെങ്കിലും ബാബയോടുള്ള ഭക്തി മനസ്സില്‍ ഇരട്ടിക്കുന്നത് സ്വാമി അറിഞ്ഞു. അവിടം വിട്ടു പോകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. രണ്ടു ദിവസം സ്വാമികള്‍ ഷിര്‍ദ്ദിയില്‍ തങ്ങി. മൂന്നാം നാള്‍ മദ്രാസില്‍ നിന്ന് അദ്ദേഹത്തെ തേടിയൊരു സന്ദേശമെത്തി. അമ്മയ്‌ക്ക് സുഖമില്ല. എത്രയും വേഗം അമ്മയുടെ അരികലെത്തണം.
അമ്മയെ കാണാന്‍ സ്വാമിക്ക് തിടുക്കമായി. പക്ഷേ ബാബയെ കണ്ട് അക്കാര്യം പറയാതെ പോകാന്‍ മനസ്സു വന്നില്ല. വേഗം തന്നെ ബാബയെ കണ്ട് യാത്രപറയാനായി ചെന്നു. അദ്ദേഹം എന്തു പറയാനാണ് വന്നതെന്ന് ത്രികാലജ്ഞാനിയായ ബാബയ്‌ക്ക് മനസ്സിലായി.”നിങ്ങള്‍ അമ്മയെ ഇത്രമേല്‍ സ്‌നേഹിക്കുന്നുവെങ്കില്‍ സംന്യാസം സ്വീകരിച്ചതെന്തിനാണ്? ഇപ്പോള്‍ ഏതായാലും നാട്ടിലേക്ക് മടങ്ങേണ്ട.
വിശ്രമസ്ഥലത്തേക്ക് പോകുക. കുറച്ചു നാള്‍ കൂടി സമാധാനത്തോടെ ഇവിടെയിരിക്കൂ. ഇവിടെ വരുന്നവരില്‍ കള്ളന്മാരും കൊള്ളക്കാരുമൊക്കെ കാണും. നിങ്ങളുടെ സാധനങ്ങളെല്ലാം ഭദ്രമായി സൂക്ഷിക്കണം. ഇതെല്ലാം ഓര്‍ത്ത് നിങ്ങള്‍ ആവലാതിപ്പെടുമെന്നറിയാം. സമ്പത്തും പ്രതാപവുമെല്ലാം ക്ഷണികമാണ്. മരണത്തോടെ മണ്ണടിയിയുന്നതാണ് ദേഹവും. ഈ ആത്മതത്വം ഒരു സംന്യാസിക്ക് എപ്പോഴും ഓര്‍മ വേണം. സംന്യാസിയായ നിങ്ങള്‍ അക്കാര്യം മറക്കരുത്. സംന്യാസിക്ക് ലൗകിക ജീവിതമില്ല.
എല്ലാം ഭഗവത് പാദങ്ങളിലര്‍പ്പിക്കുക. നാളെ തുടങ്ങി ഭാഗവത പാരായണം പതിവാക്കുക. മൂന്ന് ‘സപ്താഹങ്ങള്‍ പൂര്‍ത്തിയാക്കണം. അതോടെ നിങ്ങളിലുള്ള അശാന്തികള്‍ക്കെല്ലാം പരിഹാരമാകും.’ ബാബ പറഞ്ഞു നിര്‍ത്തി. വിജയാനന്ദ സ്വാമിയുടെ മരണം അടുത്തെന്നത് ബാബയ്‌ക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന് മോക്ഷപ്രാപ്തിയിലേക്കുള്ള മാര്‍ഗമുപദേശിക്കുകയായിരുന്നു ബാബ.
സ്വാമി, മദ്രാസിലേക്കുള്ള യാത്ര വേണ്ടെന്നു വച്ചു. ബാബയുടെ ലന്തി ബാഗെന്ന പൂന്തോട്ടത്തിലിരുന്ന് അദ്ദേഹം ഭാഗവത പാരായണം തുടങ്ങി. രണ്ടാഴ്ച പിന്നിട്ടു. മൂന്നാമത്തെ ആഴ്ചയില്‍ അദ്ദേഹത്തിന് ശാരീകരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. നേരെ ബാബയുടെ അരികിലേക്ക് ചെന്നു. ബാബ അദ്ദേഹത്തെ മടിയില്‍ കിടത്തി വാത്സല്യത്തോടെ തഴുകി. ആ സ്‌നേഹസ്പര്‍ശമറിഞ്ഞ് വിജയാനന്ദ സ്വാമി അന്ത്യയാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: