തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി പി.എസ്.സി വിഷയങ്ങളില്‍ ബിജെപി നിലപാട് കടുപ്പിച്ചതോടെ ഗവര്‍ണര്‍ നടപടി തുടങ്ങി. പി.എസ്.സി ചെയര്‍മാനെയും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. വൈകിട്ട് നാല് മണിക്ക് രാജ് ഭവനില്‍ എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പട്ടികയുടെ വിശദാംശങ്ങളും ലിസ്റ്റും തനിക്ക് മുന്നില്‍ എത്തിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വിസി ഇന്ന് വൈകിട്ട് നാലു മണിക്ക് തന്നെ രാജ്ഭവനിലെത്തണമെന്ന കര്‍ശന നിര്‍ദേശമാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. പിഎസ്സി ചെയര്‍മാന്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച വന്നു കാണണമെന്നും പി. സദാശിവം ആവശ്യപ്പെട്ടു.
നേരത്തെ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറക്കം വെടിയണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റികളുടെ ചാന്‍സിലറാണ് ഗവര്‍ണര്‍. എന്നാല്‍ അദേഹം ക്രമക്കേടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കെട്ടിടങ്ങള്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന നോക്കുകുത്തി പോലെയാണ് സദാശിവം പ്രവര്‍ത്തിക്കുന്നത്.
പറ്റില്ലെങ്കില്‍ രാജിവെച്ച് പോകണം. ഇത്രയധികം ക്രമക്കേടുകള്‍ നടന്നിട്ട് ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല. കേരളത്തിലെ ഗവര്‍ണര്‍ പല കാര്യങ്ങളിലും ഇടപെടുന്നില്ല. യൂണിവേഴ്സിറ്റി കോളേജിലും ഭരണഘടന സ്ഥാപനമായ പി.എസ്.സിയിലും ക്രമക്കേടുകള്‍ നടന്നിട്ട് രാജ്ഭവന്‍ ഒരു ചെറുവിരല്‍ അനക്കിയിട്ടില്ല. ഗവര്‍ണ്ണറുടെ കാലാവധി തീരാന്‍ ഒരു മാസംകൂടിയേ ബാക്കിയുള്ളൂ. അതുവരെ ആരെയും പിണക്കാതെ മുന്നോട്ട് പോകാനാണ് അദേഹം ശ്രമിക്കുന്നതെന്നും ബി. ഗോപാലകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മയക്കുമരുന്നിന്റെ കേന്ദ്രമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന പിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















