ഇടുക്കി: പഠിച്ച് ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയിട്ടും പാതി വഴിക്ക് പഠനം ഉപേക്ഷിച്ച് പോരേണ്ടി വന്നു ഇടുക്കി സ്വദേശി സോന സിബിക്ക്. ഏറെ പ്രതീക്ഷകളോടെയാണ് 2018 ജൂണ്‍ മുപ്പതിന് യൂണിവേഴ്‌സിറ്റി കോളേജിന്റെ പടികയറുന്നത്. ക്ലാസിലെത്തിയ ആദ്യ ദിനം തന്നെ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു സോനയ്‌ക്കുണ്ടായത്. കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പഠനാന്തരീക്ഷത്തെ നശിപ്പിക്കുകയാണ് എസ് എഫ് ഐക്കാര്‍ ചെയ്യുന്നത്.
ക്ലാസില്‍ കയറി വരുന്ന എസ്എഫ്‌ഐ നേതാക്കള്‍ ഡെസ്‌കില്‍ അടിച്ചും പരുഷമായി അലറി സംസാരിച്ചും ഭീകരതയുണ്ടാക്കുന്നു. നിര്‍ബന്ധിച്ച് കാശുവാങ്ങി ക്ലാസിലെ എല്ലാ കുട്ടികളില്‍ നിന്നും എസ്എഫ്‌ഐയില്‍ മെമ്പര്‍ഷിപ്പെടുപ്പിച്ചു. ഇതെല്ലാം സ്ഥിരം കാഴ്ചകളാണ്. ക്ലാസിന് പുറത്ത് പോകാനും കോളേജില്‍ നിന്ന് പുറത്ത് പോകാനും വീട്ടില്‍ പോകാനും വരെ എസ്എഫ്‌ഐയുടെ അനുവാദം വാങ്ങേണ്ട അവസ്ഥയായിരുന്നു . അനുസരിച്ചില്ലെങ്കില്‍ പഠനം നിര്‍ത്തി പോകേണ്ടിവരുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും സോന പറയുന്നു.
സമരങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കൊണ്ട് പോകാറുണ്ടെന്ന ആരോപണം സോനയും ശരിവക്കുന്നു. വനിതാമതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചാണ് കൊണ്ടുപോയത്. താല്‍പര്യം ഉണ്ടോ എന്ന ചോദ്യത്തിന് പോലും അവിടെ പ്രസക്തിയില്ലായിരുന്നു എന്നാണ് സോന വെളിപ്പെടുത്തുന്നത്. പഠനാന്തരീക്ഷം പ്രതീക്ഷിച്ചെത്തിയ കോളേജില്‍ ഭീഷണിയും മാനസിക പീഡയും മാത്രമായപ്പോഴാണ് പഠനം ഉപേക്ഷിച്ച് കോളേജിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചതെന്നും സോന പറയുന്നു.
ഒടുവില്‍ മറ്റൊരു കോളേജില്‍ പ്രവേശനം കിട്ടിയെങ്കിലും തന്റെ ജീവിതത്തിന്റെ വിലപ്പെട്ട ഒരു വര്‍ഷം നഷ്ടമായതിനെ കുറിച്ച് ആരോട് പരാതി പറയുമെന്നാണ് സോനയുടെ ചോദ്യം.
















