ന്യൂദല്‍ഹി : ഫെബ്രുവരി 26ലെ ബലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഏര്‍പ്പെടുത്തിയ വ്യോമ പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. തുടര്‍ന്ന് പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാപാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും പിന്‍വലിച്ചു. ഇതോടെ ദക്ഷിണേഷ്യയിലെ വ്യോമഗതാഗതം സാധാരണ ഗതിയിലായി.
വ്യോമ മേഖലയിലെ നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് പാക്കിസ്ഥാന്‍ നോട്ടം(എയര്‍മാന്മാര്‍ക്കുള്ള നോട്ടീസ്) പുറപ്പെടുവിച്ചതോടെ ഇന്ത്യയും ഉടന്‍ തന്നെ പുതുക്കിയ നോട്ടം പുറപ്പെടുവിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലകോട്ട് മേഖലയിലെ ക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ജെറ്റുകള്‍ ഉപയോഗിച്ച് തിരിച്ചടി നല്‍കി.
ഇതിനു പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തുകയും, ഇന്ത്യ അവയെ തുരത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. 140 ദിവസത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ വ്യോമപാതയിലെ വിലക്ക് നീക്കിയത്.
















